പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  രണ്ടാനച്ഛന്  50 വര്‍ഷം തടവ്

പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം.

New Update
6566666

കരുനാഗപ്പള്ളി: പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശാസ്താംകോട്ട സ്വദേശിയായ രണ്ടാനച്ഛന്  വിവിധ വകുപ്പുകളിലായി 50 വര്‍ഷവും ആറുമാസം തടവും 1,50,000 രൂപ പിഴയും ശിക്ഷ. 20 വര്‍ഷമാണ് ഏറ്റവും കൂടിയ ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷവും പത്തുമാസവുംകൂടി അധിക തടവ് അനുഭവിക്കണം. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്. മിനിമോളാണ് ശിക്ഷ വിധിച്ചത്.

Advertisment

ഇന്ത്യന്‍ ശിക്ഷാനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം, പോക്സോ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അതിജീവിതയുടെ അമ്മയുടെ രണ്ടാം ഭര്‍ത്താവാണ് പ്രതി. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ശാസ്താംകോട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

വിചാരണ നടക്കുന്ന സമയം പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍പ്രകാരം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതിനേക്കാള്‍ കൂടുതല്‍ ഗൗരവമായ ലൈംഗികാതിക്രമം അതിജീവിതയ്ക്കെതിരേ നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. അതുപ്രകാരം വിചാരണയുടെ ആദ്യവേളയില്‍ ചുമത്തിയിരുന്ന വകുപ്പുകള്‍ ഭേദഗതിചെയ്ത് കൂടുതല്‍ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയാണ് വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.

ശാസ്താംകോട്ട പോലീസ് ഇന്‍സ്പെക്ടറായിരുന്ന എ. അനൂപ് അന്വേഷണം നടത്തിയ കേസില്‍ എസ്.ഐ. രാജേന്ദ്രനാണ് അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി. പ്രേമചന്ദ്രന്‍ ഹാജരായി.

Advertisment