മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടു; ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതി

ലാപറമ്പ് സ്വദേശി സുനില്‍ കുമാറിന്റെ 4,500 രൂപയും തിരിച്ചറിയല്‍ രേഖകളും എ.ടി.എം. കാര്‍ഡുമാണ് ആശുപത്രിയില്‍വച്ച് നഷ്ടപ്പെട്ടത്.

New Update
3444444445

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയല്‍ രേഖകളും നഷ്ടപ്പെട്ടെന്ന്  പരാതി. ലാപറമ്പ് സ്വദേശി സുനില്‍ കുമാറിന്റെ 4,500 രൂപയും തിരിച്ചറിയല്‍ രേഖകളും എ.ടി.എം. കാര്‍ഡുമാണ് ആശുപത്രിയില്‍വച്ച് നഷ്ടപ്പെട്ടത്.

Advertisment

വിവരാന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിനടുത്ത് എത്തിയപ്പോള്‍ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. ഫെബ്രുവരി നാലിന് തലയ്ക്ക് മുറിവേറ്റതിനെത്തുടര്‍ന്നാണ് സുനില്‍ കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അല്‍പ്പസമയത്തിനുള്ളില്‍ അബോധാവസ്ഥയിലായ സുനിലിനെ സുഹൃത്തുക്കളെത്തി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സുനിലിന്റെ മൊബൈല്‍ ഫോണും പഴ്‌സും കണ്ണടയും പോക്കറ്റിലുണ്ടായിരുന്ന മറ്റ് വസ്തുക്കളും ആശുപത്രി ജീവനക്കാര്‍ എടുത്തുവച്ചിരുന്നു.

ഇവ തിരിച്ചുവാങ്ങാനായി എത്തിയപ്പോഴാണ് പണവും രേഖകളും നഷ്ടപ്പെട്ടതായി മനസിലാകുന്നത്. പണവും രേഖകളും നഷ്ടപ്പെട്ടതില്‍ ആശുപത്രി സൂപ്രണ്ടിനെ കണ്ട് പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ കഴുത്തില്‍പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്നും സുനില്‍ കുമാര്‍ ആരോപിച്ചു. സുനില്‍കുമാര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.