Advertisment

ബാര്‍ ഹോട്ടലിലെ തര്‍ക്കം: കോഴിക്കോട് യുവാവിനെ  കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഗുണ്ടാസംഘത്തെ  സാഹസികമായി പിടികൂടി പോലീസ്

ഒളവണ്ണ സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

New Update
634636

കോഴിക്കോട്: നഗരത്തിലെ ബാര്‍ ഹോട്ടലിലെ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഗുണ്ടാസംഘം അറസ്റ്റില്‍. തടമ്പാട്ട്താഴം സ്വദേശി പി.ടി. മഷൂദ് (20), ചാപ്പയില്‍ സ്വദേശി കെ.ടി. അറഫാന്‍ (പുള്ളി-22) എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമീഷണര്‍ അനുജ് പലിവാളിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഇന്‍സ്പെക്ടര്‍ ടി.വി. ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്ന് സാഹസികമായി പിടികൂടിയത്. 

Advertisment

ഒളവണ്ണ സ്വദേശിയായ യുവാവിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാറിലേയും പരിസരങ്ങളിലെയും സി.സി.ടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികള്‍ക്കായി സിറ്റി ക്രൈം സ്‌ക്വാഡ് രഹസ്യമായി അന്വേഷണം നടത്തിവരുകയായിരുന്നു. 

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കരുവിശേരി, വേങ്ങേരി എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മഷൂദിന്റെ രഹസ്യകേന്ദ്രത്തെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബൈക്കില്‍ വരുകയായിരുന്ന മഷൂദിനെ കക്കുഴിപ്പാലത്തിന് സമീപം പോലീസ് തടഞ്ഞെങ്കിലും പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഊടുവഴികളിലൂടെ ഓടിയ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.

ചാപ്പയില്‍ സ്വദേശി അറഫാന്‍ അരീക്കാടുള്ള വാടകവീട്ടില്‍നിന്നാണ് പിടിയിലായത്. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയ പ്രതിയെ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിജുപ്രകാശ് അറസ്റ്റ് ചെയ്തു. മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളില്‍ പതിയായ അറഫാനെതിരേ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ വാറന്റ് നിലവിലുണ്ട്. കാപ്പ ചുമത്തി ജയിലിലായിരുന്ന അറഫാന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പിടിയിലായ മഷൂദ് നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.

Advertisment