അമിതവേഗത്തില്‍ ജീപ്പ് ഓടിച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ 10 വര്‍ഷം കഠിന തടവ്

കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം കൃഷ്ണാലയത്തില്‍ വിജയകുമാറി(56)നെയാണ് ശിക്ഷിച്ചത്

New Update
474747

 നെയ്യാറ്റിന്‍കര: അവണാകുഴിയില്‍ അമിതവേഗത്തില്‍ ജീപ്പ് ഓടിച്ച് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ച് നാലുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ജീപ്പ് ഡ്രൈവര്‍ക്ക് 10 വര്‍ഷം കഠിന തടവിനും 1.25 ലക്ഷം രൂപ പിഴയും. നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാ ജഡ്ജി എ.എം. ബഷീര്‍ ശിക്ഷിച്ചത്.

Advertisment

കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കായിരുന്ന കാരയ്ക്കാമണ്ഡപം കൃഷ്ണാലയത്തില്‍ വിജയകുമാറി(56)നെയാണ് ശിക്ഷിച്ചത്. 2016 ജൂണ്‍ എട്ടിന് രാത്രി 8.30ന് അവണാകുഴി കവലയിലായിരുന്നു അപകടം. 

വിജയകുമാര്‍ ഓടിച്ചിരുന്ന ജീപ്പ് അമിതവേഗത്തില്‍ അവണാകുഴിയിലെ ഹമ്പില്‍ കയറി നിയന്ത്രണംവിട്ട് എതിരേവന്ന ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് നാലുപേര്‍ മരിച്ചത്. ബൈക്കില്‍ സഞ്ചരിച്ച കരുംകുളം, കാവുതട്ട് എല്‍.എസ്. ഭവനില്‍ പാല്‍ക്കച്ചവടക്കാരന്‍ ശശീന്ദ്രന്‍(51), ഓട്ടോറിക്ഷാ ഡ്രൈവര്‍ കണ്ണറവിള, മണ്ണക്കല്ല്, കിണറ്റിന്‍കരവീട് അലക്‌സ്

ഭവനില്‍ (യോഹന്നാന്‍-48), ഓട്ടോറിക്ഷയിലെ യാത്രക്കാരായ കണ്ണറവിള, ഇടത്തേക്കോണം, പൊറ്റവിള പുത്തന്‍വീട്ടില്‍ സരോജം (55), കണ്ണറവിള, ബിബു ഭവനില്‍ ബെനഡിക്ട് (സുധാകരന്‍-64) എന്നിവരാണ് മരിച്ചത്. വഴിയാത്രക്കാരിയായ അവണാകുഴി സ്വദേശിനി യശോദ(81)യ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

കെ.എസ്.ആര്‍.ടി.സി. പാപ്പനംകോട് ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരനായ വിജയകുമാറും മൂന്നു സഹപ്രവര്‍ത്തകരും സുഹൃത്തിന്റെ കല്യാണത്തിനായി പഴയഉച്ചക്കടയിലെ വീട്ടില്‍പോയി മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. 

അപകടത്തെത്തുടര്‍ന്ന് നാട്ടുകാരാണ് ജീപ്പിലുണ്ടായിരുന്നവരെ പിടികൂടി പോലീസിനു കൈമാറിയത്. വിജയകുമാറിന്റെ പേരില്‍ മനഃപൂര്‍വമായ നരഹത്യയ്ക്കാണ് നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 

ജീപ്പില്‍ ഒപ്പമുണ്ടായിരുന്ന സുനില്‍കുമാര്‍, സനല്‍കുമാര്‍, അജേന്ദ്രന്‍ എന്നിവരെയും കേസില്‍ പ്രതികളാക്കിയിരുന്നു. എന്നാല്‍, ഇവര്‍ കുറ്റക്കാരല്ലെന്ന് കോടതി വിധിച്ചു. വിജയകുമാര്‍ പിന്നീട് ജാമ്യത്തിലിറങ്ങി ജോലിയില്‍ പ്രവേശിച്ചിരുന്നു. കഴിഞ്ഞ മാസം വിരമിച്ചു. 

നെയ്യാറ്റിന്‍കര സി.ഐയായിരുന്ന ജി. സന്തോഷ്‌കുമാറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ. അജികുമാര്‍ ഹാജരായി. 

 

Advertisment