/sathyam/media/media_files/eG4cRI4T2HOuRypGLzCq.jpg)
ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവ് മാഫിയയുടെ വിളയാട്ടം. സംഘം വീട്ടില്‍ കയറി ഗൃഹനാഥനെയും അയല്‍വാസിയെയും വെട്ടി വാഹനങ്ങള്‍ക്ക് തീയിട്ടു. സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കൈതവന വാര്‍ഡില്‍ കുഴിയില്‍ചിറ ഉധീഷ് (38), കുതിരപ്പന്തി കടപ്പുറത്ത് തൈയില്‍ മക്മില്ലന്‍ (24),കൈതവന കോലോത്ത് വീട് മധുമോഹന്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു.
കളര്‍കോട് ബീന കോട്ടേജില്‍ റിട്ടയേഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജെ. കിഷോര്‍ (55), അയല്‍വാസി വേലിക്കകത്ത് ഒ. ഭാസ്‌കരന്‍ (65) എന്നിവര്‍ക്കാണ് വെട്ടേറ്റത്. വയറിനു കുത്തേറ്റ കിഷോറിന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. കിഷോര്‍ അപകടനില തരണം ചെയ്തു.
സംഭവശേഷം രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ വീണ്ടുമെത്തി വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും സൈക്കിളും തീവച്ചു നശിപ്പിക്കുകയും വീടിന് തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണച്ചതിനാല്‍ വീട്ടിലേക്ക് പടര്‍ന്നില്ല.
ഭവനഭേദനം,വധശ്രമം, കവര്‍ച്ച, സ്വത്ത് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഇന്നലെ വൈകിട്ടോടെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തി. തുടര്‍ന്നു സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് ആക്രമണമുണ്ടായത്. അതിക്രമിച്ചു വീട്ടിലേക്കു കടന്നെത്തിയ സംഘം വീട് അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കിഷോറിനെ സംഘം വടിവാളുകൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us