തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. മണക്കാട് സ്വദേശി മനോജി(44)നെയാണ് 111 വര്‍ഷം കഠിന തടവിന് വിധിച്ചത്.
1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. ജഡ്ജി ആര്‍. രേഖയുടേതാണ് ഉത്തരവ്. 2019ലായിരുന്നു സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ് നടത്തിയിരുന്നു. ഇയാള്‍ സ്‌പെഷ്യല്‍ ക്ലാസുണ്ടെന്ന് കളവ് പറഞ്ഞാണ് കുട്ടിയെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ കുട്ടിയുടെ വീഡിയോ എടുത്തു. ഭയന്ന കുട്ടി പിന്നീടുള്ള ദിവസങ്ങളില്‍ ട്യൂഷന് എത്തിയില്ല.
പിന്നീട് പ്രതിയുടെ ഭാര്യ കുട്ടിയെ വിളിച്ചുവരുത്തി വിവരങ്ങള്‍ തിരക്കി. സംഭവത്തില്‍ മനംനൊന്ത് അവര്‍ ആത്മഹത്യ ചെയ്തു. കുട്ടിയുടെ വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് കുടുംബം പോലീസില്‍ പരാതി നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ് വിജയ് മോഹന്‍, ആര്‍.വൈ അഖിലേഷ് എന്നിവര്‍ ഹാജരായി.