കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പന്നിഫാം ഉടമ അറസ്റ്റില്‍.
കോട്ടയം വൈക്കം ടി.വി.പുരം സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാളുടെ ഫാമില്‍ ജോലിക്കെത്തുന്ന കുട്ടികളെ പ്രതി മദ്യം നല്‍കി അശ്‌ളീല വീഡിയോ കാണിച്ച് പീഡിപ്പിക്കുകയായിരുന്നു.
രണ്ടു വര്‍ഷമായി ഇടത്തറ പണയില്‍ പന്നി ഫാം നടത്തുകയാണ് ബൈജു. പരിസരത്തുള്ള കുട്ടികളെ ഫാമില്‍ ജോലി ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തും. ആഹാരത്തിനൊപ്പം ശീതളപാനീയത്തില്‍ മദ്യം ചേര്‍ത്ത് നല്‍കും. രാത്രിയും ഫാമില്‍ തങ്ങാന്‍ പ്രേരിപ്പിച്ച് മൊബൈല്‍ ഫോണില്‍ അശ്‌ളീല വീഡിയോ കാണിച്ച് കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. പീഡന ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പീഡനം തുടരും.
കുട്ടികളുടെ സ്വഭാവത്തില്‍ വന്ന മാറ്റം മനസിലാക്കിയ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനിനെ സമീപിക്കുകയും കൗണ്‍സിലിംഗില്‍ പീഡന വിവരം പുറത്താകുകയുമായിരുന്നു. 2022 മുതല്‍ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.