കാറിലിരുന്ന് എറിഞ്ഞു കൊടുക്കും; ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ എം.ഡി.എം.എ. വില്‍ക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

പട്ടംതുരുത്ത് സ്വദേശി അമില്‍ ചന്ദ്രന്‍ (28), എളമക്കര സ്വദേശി അഭിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.

New Update
5666666666

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ എം.ഡി.എം.എ. വിറ്റിരുന്ന സംഘത്തിലെ രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍. കൊല്ലം മണ്‍റോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശി അമില്‍ ചന്ദ്രന്‍ (28), എളമക്കര സ്വദേശി അഭിജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.

Advertisment

ഗ്രാമിന് 3000 രൂപ മുതല്‍ 7000 രൂപ വരെയുള്ള നിരക്കിലാണ് എം.ഡി.എം.എ. വിറ്റിരുന്നത്. ഇടപാടിന് ഉപയോഗിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് തൂക്കി നോക്കാന്‍ ഉപയോഗിച്ച നാനോ വേയിങ് മെഷീന്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

ഇവരില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള ഏഴ് ഗ്രാം എം.ഡി.എം.എ.  കണ്ടെടുത്തു. മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്. കാറില്‍ തന്നെയിരുന്ന് സിഗരറ്റ് പാക്കറ്റുകള്‍ എറിഞ്ഞു കൊടുക്കുകയായിരുന്നു രീതി. എളമക്കര പുന്നയ്ക്കല്‍ ജങ്ഷനു സമീപം ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന ഇവരുടെ കാര്‍ എക്സൈസ് സംഘം വളയുകയായിരുന്നു. 

അമില്‍ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഓണ്‍ലൈന്‍ ടാക്സിയായി ആറ് കാറുകള്‍ ഓടുന്നുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. കുടുംബമെന്ന വ്യാജേന പ്രത്യേക സംഘമായി ഗോവയില്‍ പോയി വന്‍തോതില്‍ മയക്കുമരുന്ന് കൊച്ചിയില്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായത്.