തലശേരി: അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് താനെന്ന് മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ.
എ.ഡി.എം. നവീന്‍ ബാബുവിനെ കുറിച്ച് പറഞ്ഞത് തെറ്റാണെങ്കില്‍ അദ്ദേഹം എന്തുകൊണ്ട് മിണ്ടിയില്ല. അത്ര വിശുദ്ധനെങ്കില്‍ ഇടപെടാമായിരുന്നു. ഉത്തരവാദിത്തങ്ങള്‍ ഏറെയുള്ള പൊതുപ്രവര്‍ത്തകയാണ് ഞാന്‍. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു.
അഴിമതിക്കെതിരായ പ്രചാരണത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ ജനങ്ങള്‍ പരാതി പറയാറുണ്ട്. എ.ഡി.എമ്മിനെതിരെ രണ്ട് പരാതി ലഭിച്ചിരുന്നു. പരാതി കിട്ടിയാല്‍ മിണ്ടാതിരിക്കണോ. അഴിമതിക്കെതിരെ ഇടപെടേണ്ടത് പൊതുപ്രവര്‍ത്തകയുടെ ഉത്തരവാദിത്വമാണ്.
അഴിമതിക്കെതിരായ സന്ദേശമെന്ന നിലയിലാണ് പരസ്യ പ്രതികരണം നടത്തിയത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്താന്‍ രാഷ്ട്രീയ സമ്മര്‍ദം കാരണമാകരുത്. ഞാന്‍ മാധ്യമ വേട്ടയുടെ ഇരയാണ്.
കളക്ടര്‍ അനൗപചരികമായി എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചു. യാത്രയയപ്പുണ്ട്, അതില്‍ ഉണ്ടാകില്ലേയെന്ന് ചോദിച്ചു. കളക്ടറെ ഫോണില്‍ വിളിച്ച് യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
ചടങ്ങില്‍ അഴിമതിക്കെതിരെ മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിച്ചാണ് സംസാരിച്ചത്. അത് ആത്മഹത്യയിലേക്ക് നയിക്കുന്നതല്ല. അഴിമതി നടത്തരുതെന്ന് അഭ്യര്‍ഥിക്കുകയാണ് ചെയ്തത്.
കൂടുതല്‍ നന്നാകണമെന്നാണ് ഉപദേശിച്ചത്. ഇത് ആത്മഹത്യയ്ക്ക് കാരണമാകുമോ?. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അതിന് ഏത് ഉപാധിയും അംഗീകരിക്കാന്‍ തയാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗവും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു.