വയനാട്: ആനയെ കണ്ടെത്താനുള്ള ഇന്നത്തെ ശ്രമം ദൗത്യ സംഘം അവസാനിപ്പിച്ചതോടെ മണ്ണുണ്ടില്‍ വീണ്ടും പ്രതിഷേധം.
വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ആത്മാര്‍ഥതയില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ആന കര്‍ണാടക അതിര്‍ത്തിയിലെ കൊടുങ്കാട്ടിലേക്ക് പോയതിനെത്തുടര്‍ന്നാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. ദൗത്യസംഘത്തിനോട് മടങ്ങാന്‍ നിര്‍ദേശം നല്‍കി.
ബാബലിപുഴയുടെ പരിസരത്തുവച്ച് ദൗത്യസംഘത്തിന് ആനയുമായുള്ള ട്രാക്കിങ് നഷ്ടമായിരുന്നു. ആനയെ വെടിവയ്ക്കാന്‍ വെറ്ററിനറി സംഘം ഉള്‍പ്പടെ എല്ലാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. മയക്കുവെടി വെച്ചാലുടന്‍ ആനയെ വളയാനായി നാലു കുങ്കിയാനകളെയും കാടിനുള്ളില്‍ എത്തിച്ചിരുന്നു. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളാണ് ദൗത്യത്തിനായി ബാവലിയിലുണ്ടായിരുന്നത്. മയക്കുവെടി വെച്ച് പിടികൂടിയാല്‍ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു തീരുമാനം.