കേണിച്ചിറ: വയനാട്ടിലെ കേണിച്ചിറയില്‍ ആദിവാസികളുടെ കുടില്‍ കാട്ടാന തകര്‍ത്തു. കൈക്കുഞ്ഞുമായി കിടന്നുറങ്ങിയ കേളമംഗലം സ്വദേശികളായ ബിജുവും സൗമ്യയും അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നു.
പിഞ്ചു കുഞ്ഞിനേയും സ്വന്തം ജീവനേയും കയ്യിലെടുത്ത് ഓടിയതിനാല്‍ ജീവഹാനി സംഭവിച്ചില്ല. എങ്കിലും ജീവന്‍ തിരികെ കിട്ടിയ ആശ്വാസമുണ്ടെങ്കിലും ഇല്ലായ്മകളുടെ വല്ലായ്മകളുംകൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയാണ് തകര്‍ന്നതെന്ന വേദനയിലാണ് കുടുംബം.
മൂത്തമകള്‍ ബന്ധുവീട്ടില്‍ പോയത് ഭാഗ്യമായാണ് ബിജു കാണുന്നത്. ആനയ്ക്ക് മുന്നില്‍ നിന്ന് രണ്ടുമക്കളേയും രക്ഷിക്കാനാകുമോ എന്ന് ഉറപ്പില്ലായിരുന്നെന്ന് സൗമ്യയും പറയുന്നു. കുടുംബത്തിന് തത്കാലത്തേക്ക് മറ്റൊരു ഷെഡ് ഒരുക്കാന്‍ വനംവകുപ്പ് പണി തുടങ്ങി്. എന്നാല്‍, ഈ മേഖല വന്യമൃഗങ്ങള്‍ പതിവായി എത്തുന്നിടമാണ്. അതിനാല്‍ സര്‍ക്കാര്‍ കനിഞ്ഞ് അടച്ചുറപ്പുള്ളൊരു വീടുണ്ടാക്കുക എന്നതാണ് ഇവരുടെ ആവശ്യം.