വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 15 വര്‍ഷം തടവ്

പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവിള വീട്ടില്‍ അനീഷ്‌കുമാറിനെ(28)യാണ് ശിക്ഷിച്ചത്.

New Update
99999

പുനലൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി ബിരുദവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് വിവിധ വകുപ്പുകളിലായി 15 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും. പുനലൂര്‍ കരവാളൂര്‍ വെഞ്ചേമ്പ് വാഴവിള പ്ലാവിള വീട്ടില്‍ അനീഷ്‌കുമാറിനെ(28)യാണ് ശിക്ഷിച്ചത്. പുനലൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി കെ.എം. സുജയുടേതാണ് വിധി.

Advertisment

കേരളത്തിലും തമിഴ്‌നാട്ടിലും ഒന്നുപോലെ കോളിളക്കമുണ്ടാക്കിയ കേസാണിത്. 2018 ഓഗസ്റ്റില്‍ കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ പ്രതിക്ക് ശിക്ഷ വിധിച്ചത്. രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി സര്‍വകലാശാലാ പരീക്ഷയ്ക്കായി രാവിലെ വീട്ടില്‍നിന്നിറങ്ങവേ കഴുത്തില്‍ കത്തിവെച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. 

16 സാക്ഷികളെ വിസ്തരിച്ചു. സബ് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. ഗോപകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായത് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്. ബിനുവാണ്. 

ഫെബ്രുവരി 16ന് രാത്രി തെങ്കാശി പാവൂര്‍സത്രത്തില്‍ റെയില്‍വേ ഗേറ്റ് ജീവനക്കാരിയായ മലയാളി യുവതിയെ ആക്രമിച്ച കേസിലും പ്രതിയാണ് ഇയാള്‍. ഈ കേസില്‍ അറസ്റ്റിലായ പ്രതി നിലവില്‍ തമിഴ്‌നാട്ടിലെ ജയിലിലാണ്. ഇവിടെനിന്നാണ് ഇയാളെ ബുധനാഴ്ച പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയത്. 

Advertisment