കല്‍പറ്റ: വയനാട്ടില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച ഡോക്ടര്‍ക്കെതിരെ നടപടി. പ്രതിയായ മാനന്തവാടി മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ചുമതലയില്‍നിന്ന് മാറ്റി.
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കഴിഞ്ഞയാഴ്ചയാണ് ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി സര്‍വീസില്‍ തുടരുന്നതും ജില്ലയിലെ പഠന വൈഷമ്യമുള്ള എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളുടെ എല്‍.ഡി സ്‌ക്രീനിങ് ക്യാമ്പിന് നേതൃത്വം നല്‍കുന്നതും മീഡിയവണ്‍ പുറത്തെത്തിച്ചതോടെയാണ് ഇയാളെ മാറ്റി ഡി.എം.ഒ വിദ്യഭ്യാസ വകുപ്പിന് ഉത്തരവ് നല്‍കിയത്.
വാര്‍ത്ത പുറത്തുവന്നതോടെ വിവിധ യുവജന സംഘടനകളും വനിതാ സംഘടനകളും പ്രതിഷേധവുമായെത്തിയിരുന്നു. വയനാട് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ്, കെ.ജി.എം.എ. മുന്‍ ജില്ലാ പ്രസിഡന്റാണ്.
ഭരണാനുകൂല സംഘടനകളുടെ വഴിവിട്ട പിന്തുണയാണ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രതിക്ക് തുണയാകുന്നതെന്നാണ് ആരോപണം. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് ഒരു മാസം സമയം അനുവദിച്ച കോടതി ഉത്തരവിന്റെ സാങ്കേതികത്വം മറയാക്കിയാണ് അധികൃതര്‍ പ്രതിയെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നതെന്നും ഇതിനെതിരെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും വിവിധ വനിതാ, യുവജന സംഘടനകള്‍ അറിയിച്ചു.