ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാതശിശുവിനെ അമ്മയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊന്ന് കുഴിച്ചുമൂടി. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
തുടർന്ന് രതീഷിന്റെ വീടിന് സമീപം കുഞ്ഞിനെ കുഴിച്ചിട്ടെന്ന് ഇരുവരും പോലീസിന് മൊഴി നൽകി. രണ്ടര മണിക്കൂര്‍ നേരം നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.
കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്ത് പോലീസ് പരിശോധന നടത്തും. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ആദ്യം കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റുവെന്നായിരുന്നു പോലീസിന് യുവതി മൊഴി നല്‍കിയത്. എന്നാല്‍, കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപ്പെടുത്തിയെന്ന് തുറന്നു പറയുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ ഇത്തരമൊരു ദമ്പതികള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. ഇതോടെ ആശാ വര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്.
ആശാ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി. യുവതി ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് പോയില്ലെന്നും പരിചരിക്കാന്‍ മറ്റൊരാളെ നിര്‍ത്തിയിരുന്നെന്നുമാണ് വിവരം.
കഴിഞ്ഞ മാസം 25നാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 30നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമില്ലാത്തതിനാല്‍ അന്നു പോയില്ല. 31നാണ് ഇവർ ആശുപത്രി വിട്ടത്.