കോഴിക്കോട്: പാളയം ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകളോളം ഗുണ്ടകളുടെ അഴിഞ്ഞാട്ടം. പോലീസിനെയും പൊതുജനത്തെയും മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു അഭ്യാസങ്ങള്‍. ഒടുവില്‍ പ്രതികളെ എസ്‌ഐ ജഗമോഹന്‍ ദത്തന്റ നേതൃത്വത്തിലുള്ള കമ്പബ പോലീസും സിറ്റി ക്രൈം സക്വാഡും കീഴ്‌പ്പെടുത്തി. നിരവധി മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട ജിതിന്‍ റോസാരിയോ (29), നിരവധി അടിപിടി കേസിലെ പ്രതിയും കാപ്പയും ചുമത്തിയ അക്ഷയ് (27) ചെറുകുളത്തൂര്‍ എന്നിവരാണ് പിടിയിലായത്.
പാളയം മാര്‍ക്കറ്റില്‍ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘങ്ങളും രാത്രികാലങ്ങളില്‍ തമ്പടിക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.ഇ. ബൈജുവിന്റെ നിര്‍ദ്ദേശപ്രകാരം കമ്പബ എസ്.ഐ പാളയത്ത് എത്തി നിരീക്ഷിക്കുന്നതിനിടെ അക്രമകാരികളായ പ്രതികള്‍ എസ്.ഐയെയും കൂടെയുള്ള പോലീസുകാരെയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു. കൂടുതല്‍ പോലീസ് എത്തി ബലപ്രയോഗത്തിലുടെയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.