ഇരിട്ടി: ജില്ലയിലെ ടെലിഫോണ്‍ എക്‌സ്ചേഞ്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ കേസില്‍ കൂട്ടുപ്രതിയെ ബംഗളുരുവില്‍ നിന്ന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരു ഫാറുഖിയ നഗറിലെ സെബിയുല്ല(35)യെയാണ് ഇരിട്ടി സി.ഐ പി.കെ. ജിജേഷും സംഘവും പിടികൂടിയത്. പൂട്ടിക്കിടന്ന ബി.എസ്.എന്‍.എല്‍. കിളിയന്തറ എക്‌സ്ചേഞ്ചില്‍ നിന്ന് വിലപിടിപ്പുള്ള ചിപ്പുകള്‍ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ഫെബ്രുവരി 26നാണ് പ്രതികള്‍ മോഷണം നടത്തിയത്.സി.സി.ടി.വിയും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഒന്നാം പ്രതി ചാന്ദ്പാഷ(44)യെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ തെളിവെടുപ്പിനായി ബംഗളുരുവില്‍ എത്തിച്ചപ്പോഴാണ് കൂട്ടുപ്രതി സെബിയുല്ല പിടിയിലാകുന്നത്. മോഷണം പോയ ചിപ്പുകള്‍ മുഴുവനായി കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
കണ്ടെടുക്കാനുള്ള ബാക്കി ചിപ്പുകള്‍ മറ്റൊരാള്‍ക്ക് മറിച്ചു വിറ്റതായാണ് പ്രതി മൊഴി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ സുലൈമാനെയും ഇവര്‍ മോഷണത്തിനായി ഉപയോഗിച്ച വാഹനവും ബാക്കി ചിപ്പിനുമായുള്ള അന്വേഷണവും പോലീസ് തുടരുകയാണ്.
സെക്യൂരിറ്റി ജീവനക്കാര്‍ ഇല്ലാത്ത ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ തിരഞ്ഞെടുത്താണ് ഇവര്‍ മോഷണം നടത്തിയത്. ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിളിയന്തറയിലും മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയിലെ ഉളിയില്‍, ആലക്കോട്, തേര്‍ത്തല്ലി എക്സ്‌ചേഞ്ചിലുമാണ് മോഷണം നടന്നത്. എസ്.ഐ വി.കെ. പ്രകാശന്‍, സി.പി.ഒമാരായ പ്രവീണ്‍, ബിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.