വയനാട് സുഗന്ധഗിരി മരംമുറി കേസ്:   രണ്ട് വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി

കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, വനം വകുപ്പ് വാച്ചര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

New Update
43434343

കല്‍പ്പറ്റ: വയനാട് സുഗന്ധഗിരി മരംമുറി കേസില്‍ രണ്ട് വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് വകുപ്പുതല അന്വേഷണം നടക്കുന്നതിന് പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരേ നടപടിയെടുത്തത്. കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, വനം വകുപ്പ് വാച്ചര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

Advertisment

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ കെ.കെ. ചന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ, വനം വകുപ്പ് വാച്ചര്‍ ആര്‍. ജോണ്‍സനെതിരെ നടപടി സ്വീകരിച്ചു. നോര്‍ത്തേണ്‍ സിസിഎഫ് കെ.എസ്. ദീപയാണ് നടപടിയെടുത്തത്.

വയനാട്ടില്‍ ആദിവാസികള്‍ക്കായി പതിച്ചു നല്‍കിയ ഭൂമിയിലാണ് അനധികൃതമായി മരം മുറി നടന്നത്. 20 മരം മുറിക്കാന്‍ അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നെങ്കിലും, ഇതിന്റെ മറവില്‍ 30 മരം അധികമായി മുറിക്കുകയായിരുന്നു. സുഗന്ധഗിരി ചെന്നായ്ക്കവലയിലാണ് അമ്പതോളം മരങ്ങള്‍ മുറിച്ച് മാറ്റിയത്.

വെണ്‍തേക്ക്, അയിനി, പാല, ആഫ്രിക്കന്‍ ചോല എന്നീ മരങ്ങളാണ് മുറിച്ചു മാറ്റിയത്. ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയായിരുന്നെങ്കിലും, ഇവിടെ ഡി നോട്ടിഫിക്കേഷന്‍ നല്‍കിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. 

 

 

Advertisment