നാഡീ ഞരമ്പുകളെ ഉണര്‍ത്തുന്ന വാംഅപ്പ് മെഷീന്‍ ഉപയോഗിച്ച വയോധികന് ഗുരുതര പൊള്ളലേറ്റു; നഷ്ടപരിഹാരത്തുകയായി നല്‍കിയ ചെക്കും വ്യാജം

. അശാസ്ത്രീയമായ ഉപകരണം ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

New Update
4244

ചേര്‍ത്തല: വാംഅപ്പ് മെഷീന്‍ ഉപയോഗിച്ച വയോധികന് കാലില്‍ ഗുരുതരമായി പൊള്ളലേറ്റു. ചേര്‍ത്തല ചാലില്‍ നികര്‍ത്തില്‍ കെ.ഡി. നിശാകരനാ(69)ണ് അശാസ്ത്രീയമായ രീതിയിലുള്ള ഇലക്ട്രോണിക് ഉപകരണം വാങ്ങിയത്. ഗുരുതര പൊള്ളലേറ്റ് 29 ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അശാസ്ത്രീയമായ ഉപകരണം ഉപയോഗിച്ചതാണ് അപകടത്തിനു കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Advertisment

നിശാകരന്റെ കാല്‍ മുറിച്ചു മാറ്റേണ്ട ഘട്ടം വരെയെത്തിയെങ്കിലും, കോട്ടയം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ക്ക് ഇദ്ദേഹത്തെ വിധേയനാക്കിയെന്ന് മകന്‍ സനില്‍ കുമാര്‍ പറഞ്ഞു. സംഭവം പുറത്തായതോടെ ഉപകരണത്തിന്റെ നിര്‍മാതാക്കള്‍ നഷ്ടപരിഹാര തുകയായി ചെക്കായി നല്‍കിയെങ്കിലും അത് മാറാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു. 

നാഡീ ഞരമ്പുകളെ ഉണര്‍ത്തുന്നതെന്ന പേരിലിറക്കിയ വാംഅപ്പ് മെഷീന്‍ ഉപയോഗിച്ചതോടെയാണ് കാലിന് ഗുരുതര പൊള്ളലേറ്റത്. 850 രൂപ വില വരുന്ന ഉപകരണമാണ് നിശാകരന് കൊടുത്തത്. പണം തവണകളായി കൊടുത്താല്‍ മതിയെന്ന വ്യവസ്ഥയിലാണ് വില്‍പന നടത്തിയത്. ജനുവരി 13നാണ് ഉപകരണം വാങ്ങി ഉപയോഗിച്ചത്. 

പ്രായമായ അച്ഛനും അമ്മയും മാത്രം വീട്ടിലുള്ളപ്പോഴാണ് കമ്പനി പ്രതിനിധി വീട്ടിലെത്തി ഉല്‍പന്നം വിറ്റതെന്ന് മകന്‍ സനില്‍ കുമാറും മരുമകള്‍ ശാരിയും പറഞ്ഞു. വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉപകരണത്തിന് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. 

തുടര്‍ന്ന് സനല്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ പോലീസ് ഇടപെട്ട് ഉത്പന്ന നിര്‍മാതാക്കളായ സ്വകാര്യ കമ്പനി പ്രതിനിധികളെ വിളിച്ചു വരുത്തി 1.20 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ചെക്ക് നല്‍കിയെങ്കിലും അത് മാറാന്‍ സാധിച്ചില്ല. പിന്നീട് ചെക്കിലെ പിശക് പരിഹരിക്കാമെന്ന വ്യാജേന എറണാകുളത്തെ കമ്പനിയിലേക്ക് സനില്‍ കുമാറിനെ വിളിച്ചുവരുത്തിയ ജീവനക്കാര്‍ അദ്ദേഹത്തെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടെന്നും തുടര്‍ന്ന് നാട്ടുകാരെത്തിയാണ് പുറത്തിറക്കിയതെന്നും സനില്‍ കുമാര്‍ പറഞ്ഞു. 

Advertisment