Advertisment

കേരളത്തിൽ നിന്നു പന്നികൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്, കുറയാതെ പന്നിയിറച്ചി വില; വില നിർണയിക്കുന്നത് വൻകിട ഫാമുകൾ

പ്രതിസന്ധികള്‍ക്കിടയിലും വളര്‍ത്തിയാലും ഇടനിലക്കാര്‍ ലാഭം കൊയ്യുന്നുവെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
22233333

കോട്ടയം: സംസ്ഥാനത്തു നിന്ന് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കു പന്നികളെ കയറ്റി അയയ്ക്കുന്നത് വർധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കൂടിയതോടെ കുറയാതെ പന്നിയിറച്ചി വില.

Advertisment

വന്‍കിട ഫാമുകളില്‍ നിന്നുള്ള പന്നികളെ കൂടുതലായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുന്നതിനാല്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ പന്നിയിറച്ചി വില ഉയർന്നു നിൽക്കുകയാണ്.


അപ്രതീക്ഷതമായുണ്ടായ ക്ഷാമത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി- ഏപ്രില്‍ കാലയളവില്‍ കുതിച്ച വിലയാണു ഇന്നും താഴാതെ നില്‍ക്കുന്നത്. നിലവില്‍, 400 രൂപ വരെയാണ് ഒരു കിലോ പന്നിയിറച്ചിയുടെ വില.


സംസ്ഥാനത്ത് വൻകിട ഫാമുകളുടെ എണ്ണം വർധിച്ചതോടെ ചെറുകിട മേഖലയില്‍ പന്നിവളര്‍ത്തല്‍ കുറഞ്ഞു തുടങ്ങിയതും വില വർധിക്കാൻ കാരണമായി. പത്തില്‍ താഴെ എണ്ണം പന്നികളെ ഉപജീവന മാര്‍ഗമായി വളര്‍ത്തിയവരെല്ലാം ഈ മേഖലയില്‍ നിന്നു പിന്തിരിഞ്ഞു.


 ചെറുകിട കര്‍ഷകര്‍ കൂട്ടത്തോടെ കൃഷി ഉപേക്ഷിച്ചതും വന്‍കിടക്കാരിലേക്കു കൃഷി ഒതുങ്ങിയതും വില കുറയാതിരിക്കാന്‍ കാരണമാകുന്നുണ്ട്. ലാഭമേറെയുണ്ടാകുമെങ്കിലും തിരിച്ചടിയുണ്ടായാല്‍ വലിയ നഷ്ടമുണ്ടാകുന്ന കൃഷിയാണു പന്നിവളര്‍ത്തല്‍.


കോട്ടയത്ത് 66 സ്വകാര്യ ഫാമുകളും ഒരു സര്‍ക്കാര്‍ ഫാമുമാണു നിലവിലുള്ളത്. ഫാമുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമ്പോള്‍ പത്തില്‍ താഴെ പന്നികളെ വളര്‍ത്തുന്ന ചെറുകിട കര്‍ഷകരുടെ എണ്ണത്തില്‍ കുറവുണ്ടാകുകയാണ്.


വളര്‍ത്തു ചെലവു മുതല്‍ രോഗങ്ങള്‍ വരെ ചെറുകിട കര്‍ഷകരുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്. മുമ്പ് പലവീടുകളിലും ഒന്നും രണ്ടും നാടന്‍ പന്നിയെ വളര്‍ത്തിയിരുന്നു. ഇറച്ചിപ്പന്നി കൃഷി വ്യാപകമായതോടെ പലരും രണ്ടും മൂന്നും എണ്ണത്തിനെ വളര്‍ത്തിത്തുടങ്ങി.

കുടൂം പരിസരവും വൃത്തിയാക്കുന്ന കാര്യത്തില്‍ അലംഭാവം കാണിച്ചാല്‍ ദുര്‍ഗന്ധത്തിനും ഇതു പരാതിക്കും കാരണമാകും. ഇത്തരത്തില്‍ പരാതി ഉയര്‍ന്നാല്‍ പന്നിവളര്‍ത്തല്‍ അവസാനിപ്പിക്കേണ്ടി വരും.  മികച്ചയിനം കുഞ്ഞുങ്ങളെ ലഭിക്കുന്നതിനുള്ള തടസവും വില കൂടുതലും തിരിച്ചടിയാണെന്നു കര്‍ഷകര്‍ പറയുന്നു. കപ്പാട്ടെ സര്‍ക്കാര്‍ ഫാമില്‍ നിന്നു കുഞ്ഞുങ്ങളെ ലഭിക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം.


പന്നിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങളും കര്‍ഷകരെ പിന്നോടിക്കുന്നു. വില്‍പ്പന പ്രായത്തില്‍ പനി ബാധിച്ച് പന്നികളെ മൊത്തമായി കൊന്നൊടുക്കേണ്ടി വന്ന കര്‍ഷകര്‍ നിരവധിയാണ്. ലക്ഷങ്ങളുടെ നഷ്ടമാണു പലര്‍ക്കുമുണ്ടായത്. 


രോഗമില്ലെങ്കിലും രോഗവ്യാപനം ഒഴിവാക്കാന്‍ ഗത്യന്തരമില്ലാതെ പന്നികളെ കൊല്ലേണ്ടി വന്ന കര്‍ഷരുമുണ്ട്.  ഇതിനെല്ലാം, പുറമേ രോഗബാധ ഒഴിവാക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ വില വര്‍ധനയും കര്‍ഷകര്‍ക്കു തിരിച്ചടിയാണ്.


കൃത്രിമ തീറ്റകളുടെ വില വര്‍ധനയും  ഹോട്ടല്‍ വേസ്റ്റ് ഉള്‍പ്പെടെയുള്ള തീറ്റയുടെ ക്ഷാമവും പല കര്‍ഷകരെയും ബുദ്ധിമുട്ടിക്കുന്നു. ഹോട്ടല്‍ വേസ്റ്റ് ലഭ്യമാണെങ്കിലും പലയിടങ്ങളിലും ഇതു പഴകി ഉപയോഗശൂന്യമായ നിലയിലായിരിക്കും കൂടുകളില്‍ എത്തിക്കുക.


 ഇതു ദഹനത്തെ ബാധിച്ചു പന്നികള്‍ ചാകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും വളര്‍ത്തിയാലും ഇടനിലക്കാര്‍ ലാഭം കൊയ്യുന്നുവെന്ന പരാതിയും കര്‍ഷകര്‍ക്കുണ്ട്. 

Advertisment