കോഴിക്കോട്: ബാലുശേരിയില്‍ രാത്രി പോലീസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി മദ്യപസംഘം പോലീസുകാരെ മര്‍ദിച്ചു. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ ബാലുശേരി സ്വദേശികളായ റിബിന്‍ ബേബി, ബവിലേഷ്, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
ഇന്നലെ ബാലുശേരി ബസ് സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട് മൂവരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് സ്വമേധയാ കേസ് എടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. അതിന് പിന്നാലെ ഇവര്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയും പോലീസുകാരെ അസഭ്യം പറയുകയും ചെയ്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ച് പറഞ്ഞയച്ചു. രാത്രി കുറച്ച് കഴിഞ്ഞ് ഇവര്‍ വീണ്ടും സ്റ്റേഷനിലെത്തി ബഹളം തുടര്‍ന്നു. അപ്പോഴും പോലീസ് ഇവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു.
എന്നാല്‍, മൂന്നാമതും മൂന്നംഗസംഘം മതില്‍ ചാടി സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറി എസ്ഐഐയെ ആക്രമിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഇവരെ പിടിച്ച് ലോക്കപ്പില്‍ ഇടുകയും ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയുമായിരുന്നു. പിന്നീട് രാത്രി തന്നെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.