പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി മൃഗീയ പീഡനം; രണ്ട് തവണ  വിവാഹിതനും പോക്‌സോ കേസ് പ്രതിയുമായ  നാല്‍പ്പത്തൊമ്പതുകാരന്‍ അറസ്റ്റില്‍

നൂറനാട് പണയില്‍ നാരായണശേരില്‍ വീട്ടില്‍ രഘുവി(49)നെയാണ് അറസ്റ്റ് ചെയ്തത്.

New Update
53535

ആലപ്പുഴ: പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചയാള്‍  അറസ്റ്റില്‍. നൂറനാട് പണയില്‍ നാരായണശേരില്‍ വീട്ടില്‍ രഘുവി(49)നെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിലും പ്രതിയാണ് രഘു. രണ്ടാഴ്ച മുമ്പാണ് സംഭവം.  നൂറനാട് സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുപോയത്. തുടര്‍ന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

Advertisment

യുവതിയെ പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ യുവതിയെ കടത്തിക്കൊണ്ടുപോയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, യുവതിയുടെയും രഘുവിന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നത് തടസമായിരുന്നു. 

തുടര്‍ന്ന് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അഞ്ചല്‍ മാവിള ഭാഗത്തുനിന്ന് രഘുവിനെ പോലീസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ മൃഗീയപീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു. രണ്ട് തവണ വിവാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞ മാസം 20ന് ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാള്‍ നാടുവിട്ടത്. അയല്‍ സംസ്ഥാനത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.എന്‍ രാജേഷ്, നൂറനാട് സി.ഐ ഷൈജു ഇബ്രാഹിം, എസ്.ഐ അരുണ്‍ കുമാര്‍, പോലീസുകാരായ സിനു വര്‍ഗീസ്, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, പ്രവീണ്‍ പി, അരുണ്‍ ഭാസ്‌കര്‍, ബിജു രാജ് ആര്‍, പ്രസന്നകുമാരി എം എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment