/sathyam/media/media_files/2025/02/12/L3IOo8naj1OwI8CREAm2.jpg)
മാനന്തവാടി: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. നഗരസഭാ റവന്യൂ ഇന്‍സ്‌പെക്ടര്‍ എം.എം. സജിത്കുമാറാണ് പിടിയിലായത്.
വസ്തു വില്‍പ്പനയ്ക്ക് മുന്നോടിയായി സ്ഥലത്തെ മണ്ണ് നീക്കം ചെയ്തയാളോട് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. മാനന്തവാടി- മൈസൂരു റോഡരികില്‍നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തത്.
ധനകാര്യസ്ഥാപനത്തിനുണ്ടായ ബാധ്യത തീര്‍ക്കാന്‍ സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചയാളോടാണ് സജിത്ത് കൈക്കൂലി ആവശ്യപ്പെട്ടത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കംചെയ്തതു സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും 40,000 രൂപ പിഴയടക്കേണ്ട കേസ് 10,000 രൂപക്ക് ഒഴിവാക്കിത്തരാമെന്നുമാണ് പരാതിക്കാരനെ അറിയിച്ചത്.
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച പ്രകാരം പരാതിക്കാരന്‍ റോഡരികില്‍ സജിത്തിനെ കാത്തുനിന്നു.
പണം വാങ്ങിയശേഷം വിജിലന്‍സെന്ന് മനസിലാക്കിയ സജിത്ത് പണം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us