ആലപ്പുഴ: കായംകുളം റെയില്‍വെ സ്റ്റേഷന് സമീപത്ത് പോലീസിനെക്കണ്ട് ഓടിയ കള്ളനെ അതി സാഹസികമായി പിടികൂടി.
തമിഴ്നാട് സ്വദേശി രാജശേഖരനാണ് പിടിയിലായത്. വീടുകളില്‍ മോഷണശ്രമം നടത്തുന്നതിനിടെ പോലീസിനെക്കണ്ട് ഓടിയ കള്ളന്‍ ഓടയില്‍ ഒളിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഓട പൊൡച്ച് പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് സംഭവം. മോഷ്ടാവ് ഓടയില്‍ ഒളിച്ചതോടെ പോലീസ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുകയുമായിരുന്നു. ഇതിനിടെ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി. തുടര്‍ന്ന് ഓക്സിജന്‍ സിലിണ്ടറുടെ സഹായത്തോടെ ഫയര്‍ഫോഴ്സ് സംഘം ഓടയ്ക്കുള്ളില്‍ കയറി മോഷ്ടാവിനെ പിടികൂടുകയായിരുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീസര്‍മാരായ മുകേഷ്, വിപിന്‍, രാജഗോപാല്‍, ഷിജു ടി. സാം, ദിനേശ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ ഓടയ്ക്ക് പുറത്ത് എത്തിച്ചത്.