30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള: ഐഎഫ്എഎഫ്കെ ഡെലിഗേറ്റ് പാസ്സും കിറ്റും ലിജോമോൾ ജോസ് ഏറ്റുവാങ്ങി

New Update
lijomol jose

തിരുവനന്തപുരം: കേരളത്തിന്റെയും ലോകത്തിന്റെയും  അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. 

Advertisment

30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോർ തിയേറ്ററിൽ നിർവഹിക്കുകയായിരുന്നു  അവർ. 

സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവും നടിയുമായ ലിജോമോൾ ജോസ് ഡോ. ദിവ്യ എസ്. അയ്യരിൽ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി. 

ചലച്ചിത്രങ്ങൾ ഒരു പുസ്തകം പോലെയാണ്. എഴുത്തുകാരൻ എഴുതിക്കഴിയുമ്പോൾ പുസ്തകം അപൂർണ്ണമായിരിക്കും. അത് വായനക്കാരന്റെ ഹൃദയത്തിൽ എത്തി പൂർണ്ണമാകുന്നതു പോലെയാണ്  ഓരോ സിനിമയുമെന്ന്  ദിവ്യ എസ് അയ്യർ പറഞ്ഞു. 

നമ്മൾ ഒരുമിച്ച്  സിനിമ കാണുമ്പോൾ, നമ്മൾ അതിൽ നിന്ന് ഉൾക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കാൻ മലയാളത്തിന് സാധിക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു.

തുടർന്ന് ചലച്ചിത്രതാരം ലിജോമോൾ ജോസ് 2013-ൽ  ഡെലിഗേറ്റായി ഐഎഫ് എഫ് കെയിൽ പങ്കെടുത്ത  അനുഭവം പങ്കുവച്ചു. ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിച്ചു. 

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെഎസ്എഫ്ഡിസി ചെയർമാൻ കെ മധു, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളായ ബി രാകേഷ്, ജി എസ് വിജയൻ, സുധീർ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയർപേഴ്സൺ കെ ജി മോഹൻ കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment