ലോക സിനിമയുടെ തലസ്ഥാനമായി തിരുവനന്തപുരം. വെള്ളിത്തിരയിലെത്തുന്നത് 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ. പലസ്തീൻ ജനതയുടെ അതിജീവനത്തിന്റെ അടയാളമായ 'പലസ്തീൻ 36' ഉദ്ഘാടന ചിത്രം. ലോകസിനിമാ വിഭാഗത്തിൽ 57 സിനിമകൾ. ക്ലാസിക് വിഭാഗത്തിൽ സത്യൻ അന്തിക്കാടിന്റെ 'പാടാത്ത പൈങ്കിളി'. ലോകമെങ്ങും നിന്ന് വിഖ്യാത ചലച്ചിത്രകാരന്മാർ തിരുവനന്തപുരത്തേക്ക്. കേരളത്തിന്റെ സ്വന്തം സിനിമാമേളയ്ക്ക് തിരശീല ഉയരുമ്പോൾ

ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

New Update
palastine 36
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ലോക സിനിമയുടെ തലസ്ഥാനമായി ഇനിയുള്ള എട്ട് ദിനങ്ങളിൽ തലസ്ഥാനം മാറും. ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കിയാണ് മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള 19വ‌രെ തലസ്ഥാനത്ത് നടക്കുന്നത്. 

Advertisment

26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിൻ്റെയും ചരിത്രത്തിൻ്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പലസ്തീൻ 36' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 


1936-ലെ പലസ്തീൻ കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതാണ്.

ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. 

timbuktu


ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിൻ്റെ 'ടിംബുക്തു', 'ബ്ലാക്ക് ടീ' തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ 'ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി' എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും. 


ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീൻ്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അദ്ദേഹത്തിൻ്റെ വിഖ്യാത ചിത്രങ്ങളായ 'കെയ്‌റോ സ്റ്റേഷൻ', 'അലക്സാൻഡ്രിയ എഗെയ്ൻ ആൻഡ് ഫോറെവർ', 'ദി അദർ'  എന്നിവ ഉൾപ്പെടുത്തി റിട്രോസ്‌പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്. 

cairo station

ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ 'കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ്' വിഭാഗത്തിൽ പ്രദർശനത്തിനെത്തും.

ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. 


ഇതിൽ ക്വിയർ സിനിമയിൽ നിന്നുള്ള 'ദ ലിറ്റിൽ ട്രബിൾ ഗേൾസ്', 'എൻസോ', 'മിറർസ് നമ്പർ 3', 'ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ', 'അമ്രം', 'കോട്ടൺ ക്യൂൻ' തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു. 


little trouble girls

പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോയുടെ മാസ്റ്റർപീസായ 'പൾപ്പ് ഫിക്ഷൻ' 4കെ റെസ്റ്റോർ ചെയ്ത പതിപ്പ് 'സ്പെഷ്യൽ സ്ക്രീനിംഗ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും. മിഡ് നൈറ്റ് സ്ക്രീനിങിൽ ജോസും ദ ബുക്ക്  ഓഫ് സിജിൻ ആൻ്റ് ഇല്ലിയിനും പ്രദർശനത്തിനുണ്ട്.

ചലച്ചിത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി 'റെസ്റ്റോർഡ് ക്ലാസിക്കുകൾ' എന്ന വിഭാഗത്തിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ 'ബ്ലൈൻഡ് ചാൻസ്', സെർജി ഐസൻസ്റ്റീൻ്റെ ' ബാറ്റിൽഷിപ്പ് പോട്ടെംകിൻ', ചാൾളി ചാപ്ലിൻ്റെ 'ദി ഗോൾഡ് റഷ്' എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും. 

the gold rush chaplin movie


സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പാടാത്ത പൈങ്കിളി' എന്ന ക്ലാസിക് മലയാള ചിത്രവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജത ചകോരം പുരസ്‌കാരങ്ങൾക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ സമകാലിക സിനിമയുടെ പുതിയ പാഠങ്ങൾ സമ്മാനിക്കും. 

സന്തോഷ്, ഐറൺ ഐലൻഡ് എന്നിവയുൾപ്പെടെ ജൂറി അംഗങ്ങൾ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങൾ 'ജൂറി ഫിലിംസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കും.


വിവിധ പ്രമേയങ്ങളെ മുൻനിർത്തി 'ഫീമെയിൽ ഫോക്കസ്', 'ലാറ്റിൻ അമേരിക്കൻ പാക്കേജ്', 'കൺട്രി ഫോക്കസ്: വിയറ്റ്നാം', 'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്', 'കലൈഡോസ്കോപ്പ്' തുടങ്ങിയ പാക്കേജുകൾ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. 


മുൻപ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയവരുടെ ചിത്രങ്ങൾ 'പാസ്റ്റ് എൽടിഎ വിന്നേഴ്സ്' എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. 

മുൻ വർഷങ്ങളിൽ സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള 'ദി സുവർണ്ണ ലെഗസി' പ്രത്യേക പാക്കേജും ശ്രദ്ധേയമാകും. പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന 'ഹോമേജ്' വിഭാഗവും മേളയിലുണ്ട്.

Advertisment