ഓരോ വോട്ടും നിര്‍ണായകമായ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ്  ബൈപ്പാസിന് 227.18 കോടി അനുവദിച്ച് സര്‍ക്കാര്‍; കാല്‍നൂറ്റാണ്ടിലേറെയായിട്ടും അനക്കമില്ലാതെ കിടന്ന പദ്ധതിക്ക് ജീവന്‍ വച്ചത് ബൈപ്പാസ് സമരസമിതി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതോടെ, അന്‍വറിനെ എതിരിടാന്‍ വികസനം ആയുധമാക്കാന്‍ സര്‍ക്കാര്‍; ഉപതെരഞ്ഞെടുപ്പ് ഇഫക്ട് നിലമ്പൂരിന് നേട്ടമാകുമ്പോള്‍

ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും, മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക. പദ്ധതിക്കായി നിലമ്പൂര്‍ താലൂക്കിലെ 10.66 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
232323

തിരുവനന്തപുരം: കാല്‍ നൂറ്റാണ്ടായി നിലമ്പൂരുകാര്‍ കാത്തിരിക്കുന്ന നിലമ്പൂര്‍ ബൈപ്പാസിന് ശാപമോക്ഷമാകുന്നു. പി.വി. അന്‍വര്‍ രാജിവച്ചതിനെത്തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിലമ്പൂര്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് ധനാനുമതിയായത്. ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 227.18 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നല്‍കിയതായി ധനമന്ത്രി എന്‍. ബാലഗോപാലാണ് അറിയിച്ചത്.

Advertisment

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. അസാധാരണമായ വീറും വാശിയും നിറഞ്ഞ ഉപതെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി മാറേണ്ടത് ബൈപ്പാസ് വികസനം വഴിമുട്ടിയതാണ്. ഇത് മുന്നില്‍ കണ്ടാണ് ബൈപ്പാസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചത്.


ജ്യോതിപ്പടി മുതല്‍ മുക്കട്ട വരെയും, മുക്കട്ട മുതല്‍ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിര്‍മ്മിക്കുക. പദ്ധതിക്കായി നിലമ്പൂര്‍ താലൂക്കിലെ 10.66 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 1998ല്‍ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിര്‍ഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു.

2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോര്‍ട്ട് വന്നത്.  നിലമ്പൂര്‍ പട്ടണത്തിലെ തിരക്കുകള്‍ കുറയ്ക്കാനും, സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും നിലമ്പൂര്‍ ബൈപാസ് സഹായിക്കും. 


കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളില്‍ ഒന്നാണിത്. തമിഴ്‌നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഊട്ടി, ഗൂഡല്ലൂര്‍ യാത്രകള്‍ക്കിടയില്‍ നിലമ്പൂരില്‍ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാന്‍ നിര്‍ദ്ദിഷ്ട ബൈപാസിന് കഴിയും.


2424

നിലമ്പൂരില്‍ ബൈപാസിന് ശ്രമം തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടതാണ്. ഒസികെ പടി മുതല്‍ വെളിയംതോട് വരെ 6 കിലോമീറ്റര്‍ ആണ് ദൈര്‍ഘ്യം. മുക്കട്ട വരെ 4.3 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ടം 2014ല്‍ 21 കോടി രൂപയ്ക്ക് ടെന്‍ഡര്‍ ചെയ്തു. മൊത്തം 2.5 കിലോമീറ്റര്‍ ഭൂമി ഏറ്റെടുത്തു. ചക്കാലക്കുത്ത് വരെ 2 കിലോമീറ്റര്‍ ദൂരം പാര്‍ശ്വഭിത്തി കെട്ടി മണ്ണിട്ട് നികത്തി.

പണം കിട്ടാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തി. പിന്നീട് ഡോ. തോമസ് ഐസക് ധനമന്ത്രിയായിരിക്കെ 100 കോടി അനുവദിച്ചതായി പ്രഖ്യാപനം ഫ്‌ലെക്‌സ് ബോര്‍ഡില്‍ ഇടം പിടിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ 'ബൈപാസ് യാഥാര്‍ഥ്യമാകുന്നു, 154 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി' എന്നെഴുതിയ ബോര്‍ഡും വച്ചു. ഇതിനിടെ ഭൂമിയേറ്റെടുക്കല്‍ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞു. 


നിലമ്പൂര്‍ ബൈപ്പാസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. നിലമ്പൂരിന്റെ ഗതാഗതപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ നിലമ്പൂര്‍ ബൈപ്പാസിനായി മൂന്ന് പതിറ്റാണ്ട് മുന്‍പ് ഭൂമി വിട്ടുനല്‍കിയ തങ്ങളോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക. 


1996-ല്‍ ഭൂമി വിട്ടുനല്‍കി 30 വര്‍ഷം പിന്നിടുമ്പോഴും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇവരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അവഗണനയും തുറന്നുകാണിക്കാനാണ് മത്സരിക്കുന്നതെന്ന് കൂട്ടായ്മ ഭാരവാഹികള്‍ പറയുന്നു. 

ങ്ങള്‍ക്കിടയില്‍നിന്ന് ഒരു എം.എല്‍.എ. ഉണ്ടായാല്‍ മാത്രമേ പ്രശ്‌നപരിഹാരമുണ്ടാവുകയുള്ളൂ. നിലമ്പൂര്‍ ബൈപ്പാസിനായി 154 കോടി നീക്കിവെച്ചിട്ടുണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയും ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊള്ളയായ വാഗ്ദാനം മാത്രമാണെന്നും അവര്‍ പറഞ്ഞു. 


257 കുടുംബങ്ങള്‍ക്കാണ് ബൈപ്പാസ് വരുന്നതോടെ സ്ഥലം നഷ്ടമാകുന്നത്. 48 വീടുകള്‍ പൂര്‍ണമായി പൊളിച്ചുമാറ്റണം. ബന്ധപ്പെട്ടവര്‍ പലതവണ അവധി പറഞ്ഞിട്ടും ഇതുവരെ ഭൂമിയുടെ നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ല. നിലമ്പൂരിലെ ഓരോ വോട്ടും ഉപതിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ അതിവേഗത്തിലുള്ള നീക്കം.


നിലമ്പൂര്‍ പട്ടണത്തിലെ തിരക്കുകള്‍ കുറയ്ക്കാനും സംസ്ഥാനപാത 28ലെ ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കാനും നിലമ്പൂര്‍ ബൈപാസ് സഹായിക്കും. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളില്‍ ഒന്നാണിത്. തമിഴ്‌നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടുന്നു. ഊട്ടി, ഗൂഡല്ലൂര്‍ യാത്രകള്‍ക്കിടയില്‍ നിലമ്പൂരില്‍ കുടുങ്ങുന്ന ടൂറിസ്റ്റ്, വാണിജ്യ വാഹനങ്ങളുടെ നീണ്ട നിര ഇല്ലാതാക്കാന്‍ നിര്‍ദ്ദിഷ്ട ബൈപാസിന് കഴിയും.