ഇടുക്കി: പതിനാലുവയസുകാരിയെ മറയൂരില്‍ നിന്നും കടത്തികൊണ്ട് പോയ ബംഗ്ലാദേശ് സ്വദേശിയെ പശ്ചിമബംഗാളില്‍ നിന്നും മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് മൈമന്‍ സിങ് ബിദ്യാഗഞ്ജ് സ്വദേശി മുഷ്താഖ് അഹമ്മദാ(20)ണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി.
മറയൂരില്‍ ജോലി ചെയ്തുവന്നിരുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. പ്രതി ടൂറിസം വിസയില്‍ 2023 നവംബര്‍ 15ന് ഇന്ത്യയില്‍ എത്തിയതാണ്. 2024 ഫെബ്രുവരി എട്ടിന് വിസ കാലാവധി കഴിഞ്ഞു. എന്നാല്‍ ബംഗ്ലാദേശിലേക്ക് മടങ്ങാതെ ഇവിടെ തങ്ങുകയായിരുന്നു.
സാമൂഹികമാധ്യമത്തിലൂടെ പെണ്‍കുട്ടിയുടെ അച്ഛനുമായി പരിചയത്തിലായ പ്രതി ഇവിടെ എത്തുകയും ഇവരുടെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. യുവാവ് പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണും രണ്ട് സിം കാര്‍ഡുകളും നല്‍കി.
യുവാവ് മാര്‍ച്ച് 25ന് പെണ്‍കുട്ടിയെ കോയമ്പത്തൂരിലേക്ക് വിളിച്ചുവരുത്തി. ഇവിടെനിന്ന് സിലിഗുഡിയിലെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. 28-ന് പെണ്‍കുട്ടിയുമായി കറങ്ങിനടക്കുന്ന യുവാവിനെ കണ്ട സന്നദ്ധസംഘടനയിലെ അംഗങ്ങള്‍ ഇവരെ തടഞ്ഞുവച്ച് സിലിഗുഡി പോലീസില്‍ ഏല്‍പ്പിച്ചു. വിവരം സിലിഗുഡി പോലീസ്, മറയൂര്‍ പോലീസില്‍ അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഇരുവരേയും മറയൂരില്‍ എത്തിച്ചു.
ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മറയൂരിലെത്തി പ്രതിയെ ചോദ്യംചെയ്തു. മറയൂര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജു, എന്‍.എസ്. സന്തോഷ്, എം.എം. ഷമീര്‍, അരുണ്‍ജിത്ത്, ടി.ആര്‍. ഗീതു, സൂര്യലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ജിജു പറഞ്ഞു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി.