തിരുവനന്തപുരം: വൈദ്യുതി മോഷണം പിടികൂടിയതിലൂടെ കഴിഞ്ഞ വര്‍ഷം കെ.എസ്.ഇ.ബി. പിഴയായി ഈടാക്കിയത് 41.14 കോടിരൂപ. ഈ വര്‍ഷം അഞ്ച് മാസത്തിനുള്ളില്‍ പിഴ ചുമത്തിയത് 9.38 കോടി രൂപയാണ്.
കെ.എസ്.ഇ.ബി. ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ സാമ്പത്തികവര്‍ഷം 31,213 പരിശോധനകളാണ് നടത്തിയത്. 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തി. പിഴ ഒടുക്കാത്തതിനാല്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
2025 ഏപ്രില്‍ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തി. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണെന്നും കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. അതേസമയം തെറ്റു തിരുത്താന്‍ ഒരാള്‍ക്ക് ഒരവസരം കെ.എസ്.ഇ.ബി. നല്‍കുന്നുണ്ട്. വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെ. എസ്.ഇ.ബി. പാരിതോഷികം നല്‍കും.
പിഴത്തുക പൂര്‍ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീര്‍പ്പാക്കിയശേഷം കോമ്പൗണ്ടിങ് ചാര്‍ജ് ഒഴികെ അധികം ഈടാക്കിയ തുകയുടെ അഞ്ച് ശതമാനം അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും കെ.എസ്.ഇ. ബി. അറിയിച്ചു.