ഇടുക്കി: മൂന്നു മാസത്തേക്ക് ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശിക്കാൻ നിബന്ധനകളോടെ പൊതുജനങ്ങള്‍ക്ക് അനുമതി. ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെയാണ് സന്ദർശാനുമതി.
ഒരു സമയം പരമാവധി 20 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം.
ശക്തമായ മഴയുള്ള (ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍) അറിയിപ്പുകൾ നിലനില്‍ക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇന്‍ഷുറന്‍സുകളുടെ ഇനത്തിലെ ചെലവ് ഹൈഡല്‍ ടൂറിസം സെന്റര്‍ വഹിക്കും.
പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂര്‍ണ ഉത്തരവാദിത്തം കേരള ഹൈഡല്‍ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡാമിന്റെ പരിസര പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങള്‍ ദിവസേന നീക്കം ചെയ്യും. ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താല്‍ക്കാലിക ശുചിമുറി സംവിധാനങ്ങളും ഏര്‍പ്പെടുത്തും.