പയ്യന്നൂര്‍: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 45.86 ലക്ഷം രൂപയുമായി മൂന്നുപേര്‍ പിടിയില്‍. പണവുംകൊണ്ട് ട്രെയിനില്‍ വന്നിറങ്ങിയ മഹാരാഷ്ട്ര രത്‌നഗിരി സ്വദേശികളായ സത്യവാന്‍ (19), ആദര്‍ശ് (19) എന്നിവരെയും സ്വീകരിക്കാനെത്തിയ ശിവാജി (38)യെയുമാണ് പോലീസ് പിടികൂടിയത്.
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനുപുറത്ത് ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. പയ്യന്നൂര്‍ പോലീസും ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ബാഗിന്റെയുള്ളില്‍ നിരവധി അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.
മഹാരാഷ്ട്ര സ്വദേശിയായ ശിവാജിക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന് ഇരുവരും വെളിപ്പെടുത്തുകയായിരുന്നു. 20 വര്‍ഷമായി ഇയാള്‍ കുടുംബസമേതം പയ്യന്നൂരിലാണ് താമസം. ടൗണില്‍ പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് പഴയ സ്വര്‍ണം വാങ്ങുന്ന സ്ഥാപനം നടത്തി വരികയാണ് ഇയാള്‍. തുടര്‍ന്ന് ഇയാളെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.