കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും കേരളത്തിലെ വിദ്യാലയങ്ങളുടെ സൗകര്യങ്ങളോ മികവോ കണ്ടിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ് ശ്യാം സുന്ദര്‍. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ 1013 വര്‍ഷക്കാലം ആന്ധ്രയിലും തെലങ്കാനയിലും ജോലി ചെയ്തിട്ടുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ പോലെ ഒരു സ്‌കൂളുപോലും ഈ സംസ്ഥാനങ്ങളില്‍ കണ്ടിട്ടില്ല. അയല്‍ സംസ്ഥാനമായ ഒഡീഷയില്‍ പോയിട്ടുണ്ട്.
അവിടെ പട്ടിണി അങ്ങനെ തന്നെ ദൃശ്യമാണ്. ഇന്നും ഓലകെട്ടി കുടിലുകളില്‍ താമസിക്കുന്നവരാണ് അവിടെയുള്ളത്. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് നിരീക്ഷകനായി പോയിട്ടുണ്ട്. ഇവിടങ്ങളിലൊന്നും കാലിത്തൊഴുത്തിനെക്കാള്‍ മെച്ചപ്പെട്ട
സ്‌കൂളുകള്‍ കണ്ടിട്ടില്ലെന്നത് സത്യമാണ്.
ഇവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എങ്ങനെ രക്ഷപ്പെടുമെന്നാണ് അപ്പോള്‍ ചിന്തിച്ചത്. അവിടെ പഠിക്കുന്നവര്‍ക്ക് 10-ാം ക്ലാസ് പാസാകാന്‍ പറ്റുമോയെന്നുപോലും എനിക്കറിയില്ല. രണ്ടോ മൂന്നോ വൃത്തികെട്ട മുറികളാണ് സ്‌കൂളെന്ന് പറയുന്നത്.
കേരളത്തില്‍ ജനിച്ചത് നമ്മുടെയൊക്കെ ഭാഗ്യമാണെന്ന് അപ്പോള്‍ ഞാനോര്‍ക്കാറുണ്ട്. ഇവിടെ നമുക്ക് ശക്തമായ ഒരു സര്‍ക്കാര്‍ പിന്തുണ സംവിധാനമുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലോ അല്ലെങ്കില്‍ ഏതു മേഖല എടുത്താലും അതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.