കുടിയന്മാര്‍ക്ക് വില കുറഞ്ഞ മദ്യം മതി;  പ്രീമിയം മദ്യ വിപണിയില്‍ കേരളം പിന്നില്‍

കേരളത്തില്‍ നാലു ശതമാനം ആളുകള്‍ പ്രീമിയം മദ്യം ഉപയോഗിക്കുമ്പോള്‍ ബാക്കി 96 ശതമാനം പേരും വിലക്കുറഞ്ഞ മദ്യത്തിന്‌  പിന്നാലെയാണ്.  

New Update
4543535

തിരുവനന്തപുരം: പ്രീമിയം മദ്യ വിപണിയില്‍ കേരളം പിന്നിലെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ കുടിയന്മാര്‍ക്ക് പ്രിയം വില കുറഞ്ഞ മദ്യത്തോടെന്ന് കണ്ടെത്തല്‍. ഇന്റര്‍നാഷണല്‍ സ്പിരിറ്റ്‌സ് അന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ISWAI)  റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സ്‌കോച്ച്, സിംഗിള്‍ മാള്‍ട്ട്, റെഡി-ടു ഡ്രിങ്ക് പാനീയങ്ങള്‍ എന്നിവയുടെ ഡിമാന്‍ഡ് കൂടുമ്പോള്‍ കേരളത്തിലെ ഉപഭോഗം ഭൂരിഭാഗം കുറഞ്ഞ നിരക്കിലുള്ള മദ്യത്തിലാണ്. 

Advertisment

കേരളത്തില്‍ നാലു ശതമാനം ആളുകള്‍ പ്രീമിയം മദ്യം ഉപയോഗിക്കുമ്പോള്‍ ബാക്കി 96 ശതമാനം പേരും വിലക്കുറഞ്ഞ മദ്യത്തിന്‌  പിന്നാലെയാണ്.  കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ യഥാക്രമം 6, 10 ശതമാനം എന്നിങ്ങനെയാണ് പ്രീമിയം മദ്യം ഉപയോഗിക്കുന്നവരുടെ നിരക്ക്.

ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ 12 ശതമാനവും പശ്ചിമ ബംഗാള്‍ ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ യഥാക്രമം 20.5, 22 ശതമാനം എന്നിങ്ങനെയും തെലങ്കാനയില്‍ 52 ശതമാനവും ആളുകള്‍ പ്രീമിയം മദ്യം ഉപയോഗിക്കുന്നു.

പ്രീമിയം മദ്യം ഉപയോഗിക്കുന്നതിലെ കുറവ് കാരണം കേരളത്തിലെ ആല്‍ക്കഹോള്‍ ബിവറേജസ് വ്യവസായം വെല്ലുവിളികള്‍ നേരിടുന്നതായി (ISWAI) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിത കപൂര്‍ പറഞ്ഞു. കേരളത്തില്‍ പ്രതിവര്‍ഷം 28 ലക്ഷത്തോളം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ഉപയോഗിക്കുന്നതായി (ISWAI)  പറയുന്നു. ബിയര്‍ -33%, ബ്രാണ്ടി -35%, റം -27% എന്നിങ്ങനെയാണ് ഉപയോഗ നിരക്ക്.

എന്നാല്‍, 4000 മുതല്‍ 5000 വരെയാണ് വിപണിയില്‍ ഇറക്കുമതി ചെയ്യുന്നവയുടെ വില. സംസ്ഥാനത്ത് വില്‍ക്കുന്ന മദ്യത്തിന്റെ 96 ശതമാനവും ബിയര്‍, ബ്രാണ്ടി, റം എന്നിവയാണെന്ന് നിത വ്യക്തമാക്കി. ബിയറിന് 650 മില്ലിക്ക് 110 രൂപയും 180 മില്ലി ബ്രാണ്ടിക്കും റമ്മിനും 140 രൂപയുമാണ് വില. എന്നാല്‍ 750 മില്ലി വലിയ ബോട്ടിലിന് 450 മുതല്‍ 750 രൂപ വരെയും മാത്രമാണ് ഈടാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും, വിനോദസഞ്ചാരികളുടെ എണ്ണക്കൂടുതലും ഉണ്ടായിട്ട് വരെ പ്രീമിയം മദ്യ വിപണിയില്‍ കേരളം വളരെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisment