കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ പ്രതിയെ പിടികൂടി പോലീസ്. തോപ്പുംപടി അത്തിപ്പുഴ സ്വദേശിയായ അലനാണ് പിടിയിലായത്. പൂട്ടിക്കിടന്ന വീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. നിലവില്‍ അലനെ അസി. പോലീസ് കമ്മിഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
ഇന്നലെ വൈകിട്ട് 7.45നാണ് സംഭവം. തോപ്പുംപടി മൂലംകുഴി സ്വദേശി ബിനോയി സ്റ്റാന്‍ലിയെയാണ് കുത്തിക്കൊന്നത്. കൊലയ്ക്ക് ശേഷം ഇയാള്‍ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഈ വീട് പുറത്തുനിന്നും പൂട്ടിയ നിലയിലാണ്.
അലനെ ലഹരിമുക്ത ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ പകയാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് സൂചന. ഇക്കാര്യങ്ങളെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. തന്നെ എല്ലാവരും ഭ്രാന്തനെപ്പോലെയാണ് കാണുന്നതെന്ന് അലന്‍ പറയുന്നുണ്ട്. എന്നാല്‍ ലഹരി അടിച്ചു നടന്നയാളെ കൊണ്ടുപോയി രക്ഷപ്പെടുത്താന്‍ നോക്കിയതാണോ തെറ്റെന്ന രീതിയില്‍ ബിനോയിയും സംസാരിക്കുന്നുണ്ട്.
സംസ്ഥാനത്തിന് പുറത്തൊരിടത്താണ് അലനെ ലഹരിമുക്തി ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നത് എന്നറിയുന്നു. ഇവിടെ തന്നെ സൈക്യാട്രിസ്റ്റ് ചികിത്സിച്ചെന്ന് അലന്‍ പറയുന്നുണ്ട്. കുറച്ചു നാളുകളായി അലന്റെ ഭാഗത്തു നിന്ന് ബിനോയിക്ക് ഭീഷണി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. തന്നെ കൊല്ലുമെന്ന് പറഞ്ഞ് അലന്‍ നടപ്പുണ്ടെന്ന് ബിനോയി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.