കാസര്‍കോട്: ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിവിലയ്ക്ക് തൂക്കി വില്‍ക്കുന്ന സംഘം പിടിയില്‍. എടനീര്‍ മുണ്ടോള്‍മൂലയിലെ നിതിന്‍ (18), പൊവ്വല്‍ മുജീബ് മന്‍സിലിലെ ഷെരീഫ് (19), പൊവ്വല്‍ ലക്ഷംവീട്ടിലെ അബ്ദുല്‍ലത്തീഫ് (36), പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ എന്നിവരാണ് പിടിയിലായത്. സി.എ. നഗറില്‍ ഒരേ ദിവസം രണ്ടു ബൈക്കാണ് സംഘം കവര്‍ന്നത്.
ആദൂര്‍ സി.എ. നഗറിലെ സുജിത്കുമാര്‍, റഹ്മത്ത് നഗറിലെ ബി.എ. സുഹൈല്‍ എന്നിവരാണ് പാതി നല്‍കിയത്. സുജിത്കുമാറിന്റെ കെ.എല്‍. 14 എന്‍ 4964 യൂണികോണ്‍ ബൈക്കും സുഹൈലിന്റെ കെ.എല്‍. 60 എച്ച് 2469 യമഹ ബൈക്കുമാണ് മോഷണം പോയത്. സുജിത്തിന്റെ ബൈക്ക് സി.എ. നഗറിലെ കടയ്ക്ക് മുന്നിലും സുഹൈലിന്റെ ബൈക്ക് സി.എ. നഗറില്‍ പള്ളിക്ക് മുന്നിലുമാണ് നിര്‍ത്തിയിട്ടിരുന്നത്.
പിടിയിലായ നിതിനും പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരും ചേര്‍ന്നാണ് ബൈക്കുകള്‍ മോഷ്ടിച്ചത്. പൊവ്വലില്‍ ആക്രിക്കട നടത്തുന്ന ഷെരീഫും അബ്ദുല്‍ലത്തീഫും ഇവരില്‍നിന്ന് ബൈക്കുകള്‍ വാങ്ങുകയായിരുന്നു. ഇവരുടെ ആക്രിക്കടയില്‍ ബൈക്കുകള്‍ പൊളിച്ച നിലയിലാണ് കണ്ടെത്തിയത്. മോഷണമുതലായ ബൈക്കുകള്‍ ആക്രി വിലയ്ക്ക് തൂക്കിവില്‍ക്കുകയായിരുന്നു.
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ എത്തിച്ച് പൊളിച്ച് പാര്‍ട്‌സുകളാക്കി വില്‍ക്കുകയാണ് സംഘം ചെയ്യുന്നത്. യുവാക്കളെ കോടതിയിലും പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ഹോമിലും ഹാജരാക്കി.