കാസർകോഡ്: രണ്ടര വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍. എറണാകുളം പറവൂർ സ്വദേശി അനീഷ്‌കുമാറാ(49)ണ് പിടിയിലായത്. മംഗളുരു കങ്കനാടിയില്‍നിന്ന് ഇയാളെ പിടികൂടിയത്.
ശനിയാഴ്ച വൈകിട്ട് ഗാന്ധിധാം-നാഗർകോവില്‍ എക്‌സ്‌പ്രസിലായിരുന്നു സംഭവം. മംഗളൂരുവില്‍നിന്നാണ് പ്രതി കുട്ടിയുമായി തീവണ്ടിയുടെ മുൻഭാഗത്തെ ജനറല്‍ കോച്ചില്‍ കയറിയത്. ഇയാള്‍ മദ്യപിച്ചിരുന്നതിനാല്‍ സംശയം തോന്നിയ യാത്രക്കാർ റെയില്‍വേ ഗാർഡിനെ വിവരമറിയിച്ചു.
ഗാർഡ് കാസർകോട് റെയില്‍വേ സ്റ്റേഷൻ മാസ്റ്റർക്ക് വിവരം കൈമാറി. 6.47-ന് തീവണ്ടി കാസർകോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസും ആർ.പി.എഫും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
കുട്ടി കരയുകയോ ബഹളം വയ്ക്കുകയോ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയോ ചെയ്തിരുന്നില്ല. കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടതാണെന്നും ഭക്ഷണം വാങ്ങിത്തരാൻ ആവശ്യപ്പെട്ടപ്പോള്‍ കൂടെ കൂട്ടിയതാണെന്നുമാണ് പ്രതി പറഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ തട്ടിക്കൊണ്ടുവന്നതാണെന്ന് സമ്മതിച്ചു. തുടർന്ന് പോലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. മംഗളുരു പോലീസിനെയും വിവരമറിയിച്ചു.
പരിശോധനയ്ക്ക് ശേഷം കുട്ടിയെ കാസർകോട് ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് കൈമാറാനായിരുന്നു തീരുമാനം. കുട്ടിയെ കാണാനില്ലെന്ന് കങ്കനാടിയില്‍ നിന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയതായി മംഗളൂരു പോലീസ് അറിയിച്ചു.
കുട്ടിയുടെ ഫോട്ടോ അയച്ചതിലൂടെ മാതാപിതാക്കള്‍ സ്ഥിരീകരിക്കുകയും ചെയ്തു. മംഗളൂരു പോലീസ്, ചൈല്‍ഡ്‌ലൈൻ പ്രവർത്തകർ, റെയില്‍വേ അധികൃതർ എന്നിവർ രാത്രി 12ന് കാസർകോട്ടെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.