വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ 10,000 രൂപ കൈക്കൂലി; കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

തലയോലപ്പറമ്പ് കീഴൂര്‍ മുളക്കുളം മണ്ണാറവേലിയില്‍ എം.കെ. രാജേന്ദ്ര(51)നെയാണ് കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

New Update
3535353

കോട്ടയം: വൈദ്യുതി കണക്ഷന്‍ നല്‍കാനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി. ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കെ.എസ്.ഇ.ബി. കുറവിലങ്ങാട് സെക്ഷന്‍ ഓഫിസിലെ ഓവര്‍സിയര്‍ തലയോലപ്പറമ്പ് കീഴൂര്‍ മുളക്കുളം മണ്ണാറവേലിയില്‍ എം.കെ. രാജേന്ദ്ര(51)നെയാണ് കോട്ടയം വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

Advertisment

കുറവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വീട്ടിലെ താല്‍ക്കാലിക കണക്ഷന്‍ സ്ഥിരമാക്കി നല്‍കാനാണ് ഓവര്‍സിയര്‍ പണം ആവശ്യപ്പെട്ടത്. താല്‍ക്കാലിക കണക്ഷന്‍ സ്ഥിരപ്പെടുത്തുന്നതിന് സ്ഥലം സന്ദര്‍ശിക്കണമെന്ന് പറഞ്ഞ രാജേന്ദ്രന്‍, 10000 രൂപ നല്‍കിയാല്‍ അടുത്തദിവസം തന്നെ വീട്ടിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്ന് അറിയിക്കുകയായിരുന്നു. ഇക്കാര്യം പ്രവാസിയുടെ പിതാവ് വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നിര്‍ദേശപ്രകാരം ഇവര്‍ പണം നല്‍കാമെന്ന് രാജേന്ദ്രനെ അറിയിച്ചു.

ബുധനാഴ്ച പ്രവാസിയുടെ വീട്ടിലെത്തിയ ഇദ്ദേഹം താല്‍ക്കാലിക കണക്ഷന്‍ സ്ഥിരമാക്കി മാറ്റി നല്‍കി. തുടര്‍ന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ വിജിലന്‍സ് നല്‍കിയ തുക കൈമാറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വിജിലന്‍സ് ഡിവൈ.എസ്.പി നിര്‍മല്‍ ബോസ്, ഇന്‍സ്‌പെക്ടര്‍മാരായ സജു എസ്. ദാസ്, മനു വി. നായര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ സ്റ്റാന്‍ലി തോമസ്, പ്രദീപ്, സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Advertisment