തൃശൂര്‍: പിണറായി വിജയന്‍ സര്‍ക്കാര്‍ രാജി വയ്ക്കണമെന്നും സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം.എല്‍.എ. പി.വി. അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നത്. പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവയ്ക്കുകയാണ് വേണ്ടത്.
സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല. മുഖ്യമന്ത്രിയോ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് എം.എല്‍ എ. പറഞ്ഞത്. സ്വര്‍ണ്ണക്കള്ളക്കടത്തിനും കൊട്ടേഷന്‍ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എ.ഡി.ജി.പി. നേതൃത്വം നല്‍കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. എ.ഡി.ജി.പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്ന് മാഫിയ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്.
ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ടാണ് പി.വി. അന്‍വര്‍ എം.എല്‍.എയ്ക്കെതിരേ നടപടി എടുക്കാത്തത്? എം.എല്‍ എ. വ്യാജപ്രചരണമാണ് നടത്തുന്നതെങ്കില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തത് എന്താണ്? മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ കോളുകള്‍ എ.ഡി.ജി.പി. ചോര്‍ത്തിയതിലൂടെ രാജ്യത്തെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം.
ഇത്രയും ഗുരുതര ആരോപണ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.