കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന അന്തര്‍ സംസ്ഥാനത്തൊഴിലാളിയെ മണിക്കൂറുകള്‍ക്കകം ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശി സൂരാജാണ് (26) അറസ്റ്റിലായത്.
പ്രതിയുടെ അരയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമാല കണ്ടെത്തി.ബന്തടുക്ക നരമ്പിലം കണ്ടത്ത് തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
നരമ്പിലം കണ്ടത്തെ ടി.വി. കൃഷ്ണന്റെ ഭാര്യ കുഞ്ഞാണി(66)യുടെ വീട്ടിലാണ് തിങ്കളാഴ്ച 11നും 11.30നും ഇടയില്‍ കവര്‍ച്ച നടന്നത്. കിടപ്പുമുറിയില്‍ കയറി ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 1,12,000 രൂപ വിലവരുന്ന രണ്ടര പവന്റെ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.
രാവിലെ പറമ്പിലെ കാട് വെട്ടിത്തെളിക്കാനെത്തിയ ഹിന്ദി സംസാരിക്കുന്ന ആളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി കുഞ്ഞാണി പോലീസിനോട് പറഞ്ഞിരുന്നു. ബേഡകം പോലീസ് കേസെടുത്ത് ഉടന്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.