മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരല്‍മലയിലും ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് അവിടത്തെ ജനങ്ങള്‍ തന്നെയാണെന്നു പൊതുമരാമത്ത് മന്ത്രി മുഹമദ് റിയാസ്.
''മേപ്പാടിയിലെ ആശുപത്രിയിലും ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവരുടേത് പരുക്കുകളുടെ വേദനയേക്കാള്‍ മാനസിക ആഘാതം സൃഷ്ടിച്ച വേദനയാണ്. കടുത്ത മെന്റല്‍ ട്രോമയിലൂടെയാണ് അവര്‍ കടന്നുപോകുന്നത്.
രാത്രി ഒരുമിച്ചിരുന്നു വര്‍ത്തമാനം പറഞ്ഞ സുഹൃത്തുക്കള്‍, ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ച വീട്ടുകാര്‍, ഭര്‍ത്താവ്, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍. ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ മാനസികാഘാതത്തിലാണ് മുണ്ടക്കൈ-ചൂരല്‍മല നിവാസികള്‍. അവരെ അതില്‍നിന്നു മോചിപ്പിക്കാനാണു ശ്രമം.
വ്യക്തികള്‍, സംഘടകള്‍. മേപ്പാടിയില്‍ എല്ലാവരും അവരുടെ ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന കാഴ്ചയാണു കാണുന്നത്. അതില്‍ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ല. ഒമ്പത് മന്ത്രിമാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവ് എല്ലാവരും ദുരന്തമുഖത്തേക്ക് ഓടിയെത്തി.
അടുത്ത ദിവസം മുഖ്യമന്ത്രി തന്നെ നേരിട്ടു ദുരന്ത മേഖലയിലേക്ക് എത്തുന്നുണ്ട്. ബുധനാഴ്ച ഉച്ചവരെ മാത്രം നാലു യോഗങ്ങളാണു മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയത്. അനുഭവം നല്‍കുന്ന ഗുണപാഠമാണ് ദുരന്തമുഖത്ത് ഉദ്യോഗസ്ഥര്‍ക്കടക്കം സഹായകരമാകുന്നത്.
മേപ്പാടി പഞ്ചായത്തിലെ ദുരന്തമുണ്ടായ മേഖലകളിലും അതിന് മുകളിലുള്ള വീടുകളിലും കൃത്യമായ മുന്നറിയിപ്പ് നല്‍യിരുന്നു. കുറേപ്പേര്‍ മുന്നറിയിപ്പു പാലിച്ചതുകൊണ്ടു ദുരന്തത്തില്‍നിന്നു
രക്ഷപ്പെട്ടു. ചിലരെല്ലാം അത് അവഗണിച്ചു.
ചാലിയാര്‍ കേന്ദ്രീകരിച്ചാണ് ഇനി തിരച്ചില്‍ നടത്തേണ്ടത്. നിരവധി മൃതദേഹങ്ങളാണു ചാലിയാറിലൂടെ ഒലിച്ച് പോയി നിലമ്പൂര്‍ ഭാഗത്ത് എത്തിയത്. മുണ്ടക്കൈ മുതല്‍ നിലമ്പൂര്‍ വരെ ഇനി വ്യാപകമായി തിരച്ചില്‍ നടത്തേണ്ടതുണ്ട്. നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും കൂടുതല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുക..''- മുഹമ്മദ് റിയാസ് പറഞ്ഞു.