കോട്ടയം: എം.സി. റോഡ് നവീകരണത്തോടെ തടസപ്പെട്ട നാട്ടകത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാമാകുന്നു. നാട്ടകം കുടിവെള്ള പദ്ധതിയ്ക്കു തടസമായി നില്‍ക്കുന്ന പൈപ്പ് സ്ഥാപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനായി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിദേശപ്രകാരം ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ദേശീയപാത 183ല്‍ ഏതാനും സ്ഥലങ്ങളില്‍ റോഡ് മുറിയ്ക്കാന്‍ അനുമതി ലഭിക്കാത്തതിനാല്‍ വര്‍ഷങ്ങളായി പദ്ധതി മുടങ്ങിക്കിടക്കുകയാണ്. കലക്ടറേറ്റ്-കഞ്ഞിക്കുഴി ഭാഗത്തും, മണിപ്പുഴ-മറിയപ്പള്ളി-കോടിമത പാലം ഭാഗത്തുമാണ് തടസങ്ങള്‍.
ഇതു പരിഹരിക്കുന്നതിന്റെ ഭാഗമായി. ജലഅതോറിറ്റി അധികാരികളും പൊതുമരാമത്ത്, ദേശീയപാത വിഭാഗം അധികാരികളും കിഫ്ബി പ്രതിനിധിയും ചേര്‍ന്നു റീ സര്‍വേ നടത്തും. ഏറ്റവും കുറച്ചു റോഡ് മുറിക്കേണ്ട ഭാഗം മാത്രമാക്കി, അത്യാവശ്യമായി വരുന്ന ഭാഗങ്ങളെ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് ഉടനടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
നാട്ടകം കുടിവെള്ള കര്‍മ്മസമിതിയുടെ പരാതികള്‍ക്കൊടുവിലാണു മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എം. ഏബ്രഹാം തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ദേശീയപാത റീജിയണല്‍ ഓഫീസര്‍, ജലഅതോറിറ്റി ചീഫ് എന്‍ജിനീയര്‍, ജലഅതോറിറ്റി കോട്ടയം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍, കിഫ്ബി പ്രതിനിധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.