അംഗന്‍വാടി കെട്ടിടത്തിനു ബലക്ഷയം, രക്ഷിതാവ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെ അംഗന്‍വാടി അടച്ചുപൂട്ടി, കെട്ടിടം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയില്‍; പുതിയ അംഗന്‍വാടി കെട്ടിടം ഉടന്‍ നിര്‍മിക്കണമെന്നാവശ്യം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മുപ്പത്തിലധികം കുട്ടികള്‍ വരെ ഇവിടെ പഠനത്തിന് എത്തിയിരുന്നു. എന്നാല്‍, ഇന്ന് അഞ്ചില്‍ താഴെ കുട്ടികള്‍ മാത്രമാണ് എത്തുന്നത്.

New Update
353535

വൈക്കം: തലയാഴം പഞ്ചായത്ത് മൂന്നാം വാര്‍ഡ് വാക്കത്തറയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടത്തിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് അടച്ചു പൂട്ടി.ഏതു നിമിഷവും അംഗന്‍വാടി കെട്ടിടം നിലം പൊത്താവുന്ന അവസ്ഥയിലുള്ള അംഗന്‍വാടി കെട്ടിടത്തേക്കുറിച്ചു ഇവിടെ പഠിക്കുന്ന കുട്ടിയുടെ അമ്മ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിച്ചത്. 

Advertisment

ഇത് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയിലാണ് അംഗന്‍വാടി പ്രവര്‍ത്തനക്ഷമമല്ലെന്ന് തെളിഞ്ഞത്. മുപ്പത്തിയഞ്ച് കൊല്ലമായി ഈ കെട്ടിടത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. രണ്ട് സെന്റില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടി കെട്ടിടം ഏതുസമയവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ മുപ്പത്തിലധികം കുട്ടികള്‍ വരെ ഇവിടെ പഠനത്തിന് എത്തിയിരുന്നു. എന്നാല്‍, ഇന്ന് അഞ്ചില്‍ താഴെ കുട്ടികള്‍ മാത്രമാണ് എത്തുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം മൂലം പലരും കുട്ടികളെ ഇങ്ങോട്ട് അയയ്ക്കാന്‍ മടി കാണിച്ചു. ഇതോടെ അംഗന്‍വാടിയുടെ പ്രവര്‍ത്തനം തന്നെ പരുങ്ങലിലായി. 

രണ്ട് സെന്റില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ ഒരു സെന്റില്‍ മഴവെള്ള സംഭരണിയാണ്. മഴവെള്ള സംഭരണി കാലപ്പഴക്കത്താല്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറി. മഴ പെയ്താല്‍ കുട്ടികള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ഇരുന്നു വേണം പഠനം നടത്തുവാന്‍. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. 

മുറ്റം മഴ വെള്ളത്തില്‍ ചെളി നിറയുന്ന അവസ്ഥയിലും. ഇതൊന്നും കണ്ടിട്ടും പഞ്ചായത്ത് പ്രശ്‌ന പരിഹാരത്തിന് താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം. വിഷയത്തില്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തി പഞ്ചായത്ത് അംഗന്‍വാടിക്ക് പുതിയ കെട്ടിടം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisment