2023 നവംബര്‍ 25: കേരളം മറക്കില്ല കുസാറ്റ് ക്യാമ്പസില്‍ നടന്ന ആ ദുരന്തം, സംഗീതനിശയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരണപ്പെട്ടത് നാലു വിദ്യാര്‍ഥികള്‍; മരണകാരണമായത് ട്രോമാറ്റിക് അസ്ഫിക്സിയ

1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലേക്ക് നാലായിരത്തിലേറെ പേരാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചില്ല.

New Update
6ffeef0c-264c-4b91-bf77-e595f5330017

കോട്ടയം: തമിഴ്നാട്ടിലെ കരൂര്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന്റെ ഞെട്ടല്‍ ഇനിയും ജനങ്ങള്‍ക്കു മാറിയിട്ടില്ല. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കുറത്ത ദിനത്തിന്റെ ഓര്‍മ്മയ്ക്കു രണ്ടു മാസം പോലും ശേഷിക്കുന്നില്ലെന്നിരിക്കെയാണ് സമാന രീതിയില്‍ ശ്വാസം പോലും കിട്ടാതെ നിരവധി പേര്‍ മരിച്ച മറ്റൊരു ദുരന്തം കൂടിയുണ്ടായത്.

Advertisment

രണ്ടു വര്‍ഷം മുന്‍പ്  കളമശേരിയിലുള്ള കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ്) യുടെ പ്രധാന കാമ്പസില്‍  ടെക്നിക്കല്‍ കലോത്സവം നടക്കുന്നു. ഉത്സവ പ്രതീതിയിലായിരുന്നു അന്ന് വിദ്യാര്‍ഥികള്‍. സെലിബ്രിറ്റി ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യ വൈകിട്ടുണ്ട്. 

ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ആദ്യമേ എത്തി സീറ്റ് പിടിച്ചവര്‍ നിരവധി. പരിപാടി തുടങ്ങുമ്പോള്‍ ഓഡിറ്റോറിയത്തിലേക്ക് കയറാം എന്ന് കരുതിയവര്‍ അതിലേറെ. വിദ്യാര്‍ത്ഥി വാളണ്ടിയര്‍മാര്‍ ചെറിയ ബാച്ചുകളായി സഹപാഠികളെ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ പുറത്ത് പരിപാടി തുടങ്ങുന്നതിനായി കാത്തു നിന്നു.

പെട്ടെന്ന് ഓഡിറ്റോറിയത്തില്‍ നിന്ന് ആരവം കേട്ടതോടെ, പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് ഓഡിറ്റോറിയത്തിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറി. പുറത്ത് പെയ്ത മഴ നനയാതിരിക്കാന്‍ ഓഡിറ്റോറിയത്തിലേക്ക് കയറി കൂടാനും ശ്രമം നടന്നു. 

നിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടം മുതലേ ഏറെ പഴികേട്ടതാണ് ഗാനസന്ധ്യ നടന്നിരുന്ന ഓഡിറ്റോറിയം. മരണക്കിണര്‍ എന്ന് സിവില്‍ എന്‍ജിനിയര്‍മാര്‍ വിശേഷിപ്പിച്ച നിര്‍മിതിയായിരുന്നു അത്. തറ നിരപ്പില്‍ നിന്ന് കുത്തനെയുള്ള പടിക്കെട്ടുകള്‍ ഇറങ്ങിയാണ് ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കേണ്ടത്.

അപകടത്തില്‍ നാല് മരണം. 60ലധികം പേര്‍ക്ക് പരുക്ക്. 
കുസാറ്റ് സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി അതുല്‍തമ്പി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആന്റിഫ്റ്റ, ഇലക്ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി സാറ തോമസ്, പരിപാടി കാണാനെത്തിയ പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പുള്ള അമ്പലവട്ടം തൈപ്പറമ്പില്‍ ആല്‍ബിന്‍ ജെ ജോസഫ് എന്നിവരാണ് മരിച്ചത്.

പിന്നീട്, മരണകാരണം ട്രോമാറ്റിക് അസ്ഫിക്സിയ മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. അതേമസയം, ഗാന സന്ധ്യയെ കുറിച്ച് കുസാറ്റിലെ രജിസ്റ്റര്‍ ഓഫീസ് പോലീസിനെ അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടും വന്നു. പരിപാടിയെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് സര്‍വകലാശാലയും വാദിച്ചു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതിക്ക് മുന്‍പില്‍ എത്തിയിരുന്നു.

കേസില്‍ കഴിഞ്ഞ ജനുവരിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ടെക്ഫെസ്റ്റ് ചുമതലയുണ്ടായിരുന്ന സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹു, സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ ഡോ. ഗിരീഷ് തമ്പി, ഫാക്കല്‍റ്റി ട്രഷറര്‍ ഡോ. എന്‍ ബിജു എന്നിവരെ പ്രതിചേര്‍ത്താണ് കുറ്റപത്രം.

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ അനുവദിച്ചുവെങ്കിലും, ആ നാലു പേരുണ്ടാക്കിയ വിടവ് വീടുകളിലും  സുഹൃത്തുകള്‍ക്കിടയിലും നികത്താനാവാതെ കിടപ്പുണ്ട്.

1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിലേക്ക് നാലായിരത്തിലേറെ പേരാണ് എത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചില്ല. പോലീസ് സ്റ്റേഷനിലും അറിയിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിലേക്കുള്ള പ്രധാന ഗേറ്റ് മാത്രമേ തുറന്നിരുന്നുള്ളൂ. ചവിട്ടുപടികളുടെ നിര്‍മാണത്തിലെ അപാകവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. അടിയന്തര വൈദ്യസഹായത്തിന് സ്ഥലത്ത് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

Advertisment