/sathyam/media/media_files/2025/09/12/aa786ff8-0703-4e18-9712-d67f217dc0e3-2025-09-12-12-40-04.jpg)
കോട്ടയം: കേരളത്തിന് എയിംസ് നല്‍കാത്തിന് കാരണമായി കേന്ദ്രം പറയുന്നത് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ സ്ഥലം കണ്ടെത്തി നല്‍കിയില്ല എന്നതാണ്. കേരളത്തിന് വേണ്ടെങ്കില്‍ തമിഴ്നാടിന് നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പുതിയ ഭീഷണി. മതിയായ സ്ഥലം തരട്ടെ, എയിംസ് വരും, വന്നിരിക്കും എന്നായിരുന്നു മുന്‍പുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.
200 ഏക്കറാണ് എയിംസിനായി കേന്ദ്രം നിര്‍ദേശിക്കുന്നത്. കേരളം നിര്‍ദേശിച്ചത് കോഴിക്കോട്ട് കിനാലൂരിലെ വ്യവസായ വകുപ്പിന്റെ കീഴിലുള്ള 150 ഏക്കര്‍ ഭൂമിയാണ് എയിംസിനായി മാറ്റിവച്ചത്. സര്‍ക്കാര്‍ ഭൂമിക്കു പുറമെ താമരശ്ശേരി താലൂക്കിലെ കിനാലൂര്‍, കാന്തലാട് വില്ലേജുകളിലെ 193 കുടുംബങ്ങളിലെയും ഒരു ക്ഷേത്രത്തിന്റെയും ഒരു പള്ളിയുടെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഉള്‍പ്പെടെ 40.68 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കാനും തീരുമാനമായിരുന്നു.
എന്നാല്‍, കഴിഞ്ഞ ബജറ്റില്‍ എയിംസ് അനുവദിക്കാത്തിന് സുരേഷ് ഗോപി പറഞ്ഞത് 150 ഏക്കര്‍ മതിയോ എന്നായിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലോ തൃശൂരോ ഭൂമി കണ്ടെത്തി നല്‍കിയില്ലെങ്കില്‍ എയിംസ് തമിഴ്‌നാടിന് നല്‍കുമെന്നാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറയുന്നത്. ഇതോടെ രാജ്യത്തെ എത്ര എയിംസുകള്‍ ഈ നിബന്ധനകള്‍ പാലിച്ചു നിര്‍മിച്ചു എന്ന ചോദ്യമാണ് ഉയരുന്നത്.
100 ഏക്കര്‍ മാത്രമുള്ള എയിംസ് രാജ്യത്തുണ്ട്. ഭുവനേശ്വറില്‍ 100 ഏക്കര്‍, ഋഷികേശ് 101 ഏക്കര്‍, റായ്പൂര്‍ 103 ഏക്കര്‍, ഗോരഖ്പൂര്‍ 112 ഏക്കര്‍, റായ്ബറേലി 148 ഏക്കര്‍, ഭോപ്പാല്‍ 170 ഏക്കര്‍, മംഗളഗിരി 183 ഏക്കര്‍, പഞ്ചാബ് 177 ഏക്കര്‍, ബംഗാള്‍ 179 ഏക്കര്‍, ഗുവാഹട്ടി 189.2 ഏക്കറിലുമാണ് നിര്‍മിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി 213.12, തെലങ്കാന 200, ജാര്‍ഖണ്ഡ് 236.92, രാജ്കോട്ട് 201, വിജയ്പൂര്‍ 226.84, ബിലാസ്പൂര്‍ 247, മധുര 222 ഏക്കര്‍, അവന്തിപൂര 221 ഏക്കര്‍, ഹരിയാന 210 ഏക്കര്‍, കര്‍ണാടക 200 ഏക്കര്‍ എന്നിവ മാത്രമാണ് നിബന്ധനകള്‍ പാലിച്ചു നിര്‍മിച്ചത്. ഓരാ കാലത്തും കേന്ദ്ര സര്‍ക്കാരുകളുടെ താല്‍പര്യത്തിന് അനുസരിച്ച് നിര്‍മിച്ചപ്പോള്‍ സ്ഥലപരിധി നോക്കിയില്ല. എന്നാല്‍, കേരളത്തിന്റെ കാര്യത്തില്‍ മാത്രം മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ കനിഞ്ഞില്ല.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4 സ്ഥലങ്ങളാണ് എയിംസിനായി കണ്ടെത്തി നല്‍കിയത്. ഇതില്‍ ഏറ്റവും പ്രധാന്യം നല്‍കിയിരുന്നത് തിരുവനന്തപുരം കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാല്‍ത്തേരിയായിരുന്നു. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിനോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമായിരുന്നു അത്.
കോട്ടയം മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന സ്ഥലം, എറണാകുളത്ത് എച്ച്എംടിയുടെ സ്ഥലം, കോഴിക്കോട് കിനാലൂര്‍ എന്നീ കേന്ദ്രങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ അന്നു വച്ച നിര്‍ദേശം. ഇതില്‍ ആവശ്യമായ സ്ഥലം ലഭ്യമായത് നെട്ടുകാല്‍ത്തേരിയില്‍ മാത്രമായിരുന്നു. എന്നാല്‍ പിന്നീട് വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ പല നിര്‍ദേശങ്ങളും പരിഗണിച്ചപ്പോള്‍ അനുയോജ്യ സ്ഥലം കോഴിക്കോട് കിനാലൂരാണെന്നു കണ്ടെത്തി.
എന്നാല്‍, ആവശ്യത്തിനുള്ള ഭൂയില്ലെന്നായിരുന്നു സുരേഷ് ഗോപി ഉള്‍പ്പടെയുള്ളവരുടെ വാദം. ആവശ്യത്തിന് സ്ഥലം ഉള്ള വെള്ളൂരിനെ പരിഗണിക്കുന്നുമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച പ്രവര്‍ത്തനമാണ് ആവശ്യമെന്നു ജനങ്ങള്‍ പറയുന്നു.