കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. വിമല ഹൃദയ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതി. ട്യൂഷന് കഴിഞ്ഞ് ഓട്ടോയില്‍ കയറിയപ്പോഴാണ് സംഭവം.
കൊല്ലം എസ്.എന്‍. കോളേജിന് സമീപത്ത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കുട്ടികള്‍ ബഹളമിട്ടപ്പോള് ഓട്ടോറിക്ഷയില്‍ നിന്നും പെണ്‍കുട്ടികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരിക്കേറ്റ രണ്ട് പെണ്‍കുട്ടികള്‍ ഓടിക്കയറി വരുകയായിരുന്നു.
ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലൂടെ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
മോശമായി സംസാരിച്ചതോടെ ഭയമായെന്നും പിന്നാലെ വണ്ടിയുടെ വേഗത കൂട്ടിയെന്നും വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. വേഗം കൂട്ടിയതോടെ കൂടെയുണ്ടായിരുന്ന കുട്ടിയോട് വണ്ടിയില്‍ നിന്ന് ചാടാമെന്ന് പറയുകയായിരുന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് അന്വേഷണമാരംഭിച്ചു.