കോവിഡ് കാലത്തു പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല, ആറുവര്‍ഷങ്ങള്‍ക്കു ശേഷം പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്: പി. ജയരാജന്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ജയരാജന്റെ പ്രതികരണം

New Update
6446464646

കണ്ണൂര്‍: ടി.പി. വധക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ എന്ത് അപരാധമാണുള്ളതെന്ന് സി.പി.എം. നേതാവ് പി. ജയരാജന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി. ജയരാജന്റെ പ്രതികരണം. 

Advertisment

''കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മാഹി സ്വദേശി കൊടി സുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം.

അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്. എന്നാല്‍, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലയ്ക്കു കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശിപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു.

കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോടു തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്.

കോവിഡ് കാലത്തു പോലും കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല. ആറുവര്‍ഷങ്ങള്‍ക്കു ശേഷം അമ്മയുടെ പരാതിയെത്തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളത്..'' - പി. ജയരാജന്‍ കുറിച്ചു. 

Advertisment