ജീപ്പ് വാടക കൂട്ടിനല്‍കിയില്ല, മുറുക്കാന്‍ കച്ചവടക്കാരായ ഇതരസംസ്ഥാനത്തൊഴിലാളികളെ ക്രൂരമായി ആക്രമിച്ച്  ഒളിവില്‍പ്പോയി; ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

അതിരാറ്റുകുന്ന് സ്വദേശികളായ കാളിയാര്‍തോട്ടത്തില്‍ കെ.ജി. ഷാജി (50), ഈടത്തില്‍ ഷൈജേഷ് (36), കാക്കശേരിയില്‍ കെ.എസ്. അജേഷ് (39), ഇടത്തുംപടിയില്‍ ഇ.ജി. ഷിജുമോന്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

New Update
53535355

പുല്‍പ്പള്ളി: ജീപ്പ് വാടക കൂട്ടിനല്‍കാന്‍ തയാറാവാതിരുന്ന മുറുക്കാന്‍ കച്ചവടക്കാരായ ഇതരസംസ്ഥാനത്തൊഴിലാളികളെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഡ്രൈവര്‍മാര്‍ രണ്ടുമാസത്തിനുശേഷം അറസ്റ്റില്‍. അതിരാറ്റുകുന്ന് സ്വദേശികളായ കാളിയാര്‍തോട്ടത്തില്‍ കെ.ജി. ഷാജി (50), ഈടത്തില്‍ ഷൈജേഷ് (36), കാക്കശേരിയില്‍ കെ.എസ്. അജേഷ് (39), ഇടത്തുംപടിയില്‍ ഇ.ജി. ഷിജുമോന്‍ (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

Advertisment

ജനുവരി 26ന് പുലര്‍ച്ചെ ഇരുളത്തുവച്ചാണ് സംഭവം. തൂത്തിലേരി പോര്‍ക്കലി ക്ഷേത്രത്തിലെ ഉത്സവക്കച്ചവടത്തിനുശേഷം സാധനങ്ങളുമായി ഇരുളത്തുള്ള വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാനാണ് ഉത്തര്‍പ്രദേശ് സ്വദേശികളായ സഹോദരന്മാരായ മനോജ് ശങ്കറും വിനയ് ശങ്കറും ഷാജിയുടെ ജീപ്പ് ഓട്ടംവിളിച്ചത്. 

150 രൂപ വാടക പറഞ്ഞുറപ്പിച്ച ശേഷം സ്ഥലത്തെത്തിയപ്പോള്‍ 200 രൂപ വേണമെന്ന് ഷാജി ആവശ്യപ്പെട്ടു. എന്നാല്‍, കൂടുതല്‍ പൈസ നല്‍കാന്‍ സഹോദരങ്ങള്‍ തയാറായില്ല. ഇതോടെ, വാഹനത്തില്‍ കയറ്റിയ സാധനങ്ങളും സഹോദരന്മാരെയും തിരിച്ച് തൂത്തിലേരിയില്‍ത്തന്നെ കൊണ്ടുചെന്നാക്കുമെന്ന് ഷാജി ഭീഷണിപ്പെടുത്തുകയായിരുന്നു. 

ഇറക്കിയ സാധനങ്ങള്‍ തിരികെ ജീപ്പിലേക്കു കയറ്റിവയ്ക്കുന്നതിനെ സഹോദരന്മാര്‍ എതിര്‍ത്തതോടെ ഷാജി ഫോണിലൂടെ മറ്റു ടാക്സി ഡ്രൈവര്‍മാരായ ഷിജുമോന്‍, അജേഷ്, ഷൈജേഷ് എന്നിവരെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് നാലു പ്രതികളും ചേര്‍ന്ന് സഹോദരന്മാരെ മര്‍ദ്ദിച്ചു. 

ചവിട്ടേറ്റ് മനോജ് ശങ്കറിന്റെ മൂത്രസഞ്ചി പൊട്ടിയിരുന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയതോടെ പ്രതികള്‍ വാഹനത്തില്‍ക്കയറി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരാവസ്ഥയിലായ മനോജ് ശങ്കറിനെ ആശുപത്രിയിലെത്തിച്ചത്. ഉപജീവനമാര്‍ഗം വഴിമുട്ടിയതോടെ ഇരുളത്തും പരിസരത്തുള്ള സുമനസ്സുകളുടെ കാരുണ്യത്തിലാണ് സഹോദരന്മാര്‍ മരുന്നിനും ഭക്ഷണത്തിനും വഴികണ്ടെത്തുന്നത്. പ്രതികള്‍ തിങ്കളാഴ്ച കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി. 

 

Advertisment