തൊടുപുഴ: മദ്യപിച്ച് ബോധരഹിതനായി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ കിടന്നുറങ്ങിയ ലീഗല്‍ മെട്രോളജി അസി. ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഫ്‌ളൈയിങ് സ്‌ക്വാഡിലെ അസി. ഇന്‍സ്‌പെക്ടര്‍ സി.സി. ജോണ്‍സണെയാണ് ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ സസ്‌പെന്‍ഡ് ചെയ്തത്.
മാര്‍ച്ച് 28ന് രാത്രിയാണ് ഇയാള്‍ മദ്യപിച്ച് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ വീണ് കിടന്നത്. അന്നേ ദിവസം രാത്രി ഓഫീസിലെ വാച്ചറും സ്വീപ്പറുമായ ഇ.ആര്‍. അജിത്തിനെ ഇയാള്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പരാതിയുണ്ട്.
അജിത് ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതി തിരുവനന്തപുരത്തേക്ക് അയയ്ക്കും മുമ്പ് വിവരമറിഞ്ഞ കണ്‍ട്രോളര്‍ അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
സ്ഥിരം മദ്യപിക്കുന്ന ഇയാള്‍ക്കെതിരെ മുമ്പും നിരവധി പരാതികളുണ്ടായിട്ടുണ്ട്. മൂന്നാറില്‍ നിന്ന് അച്ചടക്കനടപടിയുടെ ഭാഗമായി സ്ഥലംമാറ്റം കിട്ടിയാണ് ഇയാള്‍ തൊടുപുഴയിലെത്തിയത്.