/sathyam/media/media_files/FhdJfwq0CdE5R6PCedDM.jpg)
കണ്ണൂര്‍: കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അടുക്കളയുടെ പുറത്തെ വരാന്തയില്‍ സൂക്ഷിച്ച സിലിണ്ടറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിലിണ്ടര്‍ പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമല്ല. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം ദേവന്റെ വീട്ടിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച ഉച്ച 1.30നാണ് അപകടം. വീട്ടില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന് പുറമെയുള്ള സിലിണ്ടറാണിത്. അപകടസമയം ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. വീടിനോട് ചേര്‍ന്നുള്ള കടയില്‍ ജോലി ചെയ്യുന്ന ദേവനും ഭാര്യയും ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് വരുന്ന സമയം ഉഗ്രശബ്ദത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിന്റെ പിന്‍വശത്തുള്ള ഗ്രില്‍സ് പൂര്‍ണമായും മുറ്റത്തേക്ക് തെറിച്ചു. കിണര്‍ ആള്‍മറയുടെ കല്ലുകളും അടുക്കള ഭാഗത്തെ ചുമരുകളും അടര്‍ന്നുവീണ നിലയിലാണ്. ഉഗ്രശബ്ദം കേട്ട് പരിസരവാസിള്‍ ഓടിയെത്തി അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു.
കൂത്തുപറമ്പില്‍നിന്നുള്ള സേനയെത്തി. അഞ്ചരക്കണ്ടി ഫാര്‍മേഴസ് ബാങ്ക് ഗ്യാസ് ഏജന്‍സി ജീവനക്കാരും എച്ച്.പി. ഡീലര്‍ ജീവനക്കാരുമെത്തി പരിശോധന നടത്തി. 10 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി വീട്ടുടമ അറിയിച്ചു. അപകടസമയം വീട്ടില്‍ ആളില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.