കൊല്ലം: കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യചെയ്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി.
സാമൂഹികപ്രവര്‍ത്തകയും അനീഷ്യ ഐക്യദാര്‍ഢ്യസമിതിയുടെ കണ്‍വീനറുമായ തിരുവനന്തപുരം സ്വദേശിനി പി.ഇ. ഉഷയാണ് ഹര്‍ജിക്കാരി. സര്‍ക്കാരിന്റെ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികളോട് ഹൈക്കോടതി വിശദീകരണം തേടി.
അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനീഷ്യയുടെ മാതാവ് പ്രസന്ന നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. വി. ജോണ്‍
സെബാസ്റ്റ്യന്‍ റാല്‍ഫിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹര്‍ജി 12 ന് പരിഗണിക്കാന്‍ മാറ്റി.
ജനുവരി 22നാണ് കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അനീഷ്യ ജീവനൊടുക്കുന്നത്. അനീഷ്യയില്‍ നിന്നും നിര്‍ണായക വിവരങ്ങളടങ്ങിയ 50 പേജുള്ള ഡയറിക്കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.