കൊല്ലം: ഇടമുളയ്ക്കലില്‍ ബൈക്കിനു സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ദമ്പതികള്‍ക്ക് ക്രൂരമര്‍ദനം. വീട് നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കു വാഹനത്തില്‍ വെള്ളവുമായി എത്തിയ ദമ്പതികളെയാണ് രണ്ടംഗ സംഘം മര്‍ദ്ദിച്ചത്. ദമ്പതികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ആഷിഖ് ഹുസൈനും ഭാര്യയ്ക്കുമാണ് മര്‍ദ്ദനമേറ്റത്. വെള്ളവുമായി എത്തിയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ തുമ്പിക്കുന്ന് സ്വദേശി ഷാനവാസും റിയാസും ബൈക്കിന് പോകാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ദമ്പതികളുമായി തര്‍ക്കിക്കുകയും തടിക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും മര്‍ദിക്കുകയുമായിരുന്നു.
മര്‍ദ്ദനം തടയാനെത്തിയ പനച്ചിവിള സ്വദേശി അനി എന്നയാള്‍ക്കും മര്‍ദ്ദനമേറ്റു. ഷാനവാസും റിയാസും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആരോപണവിധേയനായ ഷാനവാസ് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. രണ്ടുപേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതോടെ പോലീസ് പ്രതികള്‍ക്കെതിരേ അന്വേഷണം തുടങ്ങി.